തിരുവനന്തപുരം:കുടുംബത്തിൽ എ.സി. കാറുള്ളവര്‍ക്ക് സാമൂഹിക സുരക്ഷാ പെൻഷന് ഇനി അർഹതയുണ്ടാവില്ല.ആയിരം സി.സി.യിൽ കൂടുതൽ ശേഷിയുള്ള കാറുള്ളവരെ ക്ഷേമപെൻഷന് അനർഹരായി കണക്കാക്കും. രണ്ടായിരം ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ളോറിങ് നടത്തിയതും കോൺക്രീറ്റ് ചെയ്തതുമായ വീടുള്ളവരും താമസിക്കുന്ന വീട്ടിൽ എ.സി.യുള്ളവരും അനർഹരാവും. എന്നാൽ, കുടുംബവാർഷിക വരുമാനം കണക്കാക്കുമ്പോൾ വിവാഹിതരായ മക്കളുടെ വരുമാനം ഉൾപ്പെടുത്തില്ല.
അനർഹർ ക്ഷേമപെൻഷൻ വാങ്ങുന്നതു തടയാനുള്ള നടപടികളുടെ ഭാഗമായാണ് അപേക്ഷകരുടെ ഭൗതിക സാഹചര്യം വിലയിരുത്താൻ പുതുക്കിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയത്. ജൂലായിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയെങ്കിലും അത് സർക്കാർ തടഞ്ഞിരുന്നു.
വാഷിങ് മെഷീനുള്ളവർക്കും എൽ.ഇ.ഡി. ടെലിവിഷൻ ഉള്ളവർക്കും ക്ഷേമപെൻഷന് അർഹതയില്ലെന്ന ആ സർക്കുലർ വിവാദമായതിനെത്തുടർന്നാണ് തടഞ്ഞത്. വാഷിങ് മെഷീനും എൽ.ഇ.ഡി ടെലിവിഷനും ഇനി ക്ഷേമപെൻഷന് തടസ്സമാവില്ല.ഏഴായിരം കോടി രൂപയാണ് സർക്കാർ വർഷംതോറും ക്ഷേമപെൻഷൻ നൽകാൻ ചെലവിടുന്നത്. ഇതിൽ 15 ശതമാനത്തോളം അനർഹരുടെ കൈയിലെത്തുന്നതായാണ് കണ്ടെത്തൽ.