ലണ്ടൻ: ഹൊസെ മൗറീഞ്ഞോയെ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം പരിശീലകനായി നിയമിച്ചു. മൗറീഷ്യോ പോച്ചെറ്റിനൊയെ പുറത്താക്കിയതിനു പിന്നാലെയാണു ടോട്ടനം ഹോട്സ്പർ പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്. 2022-23 വരെയാണു കരാർ.
ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മൗറീഞ്ഞോ പരിശീലക വേഷത്തിലേക്കു മടങ്ങിയെത്തുകയാണ്. ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളെയാണു സ്പർസിനു ലഭിച്ചിരിക്കുന്നതെന്നു ക്ലബ് ചെയർമാൻ ലെവി പറഞ്ഞു. ഡ്രസിംഗ് റൂമിലേക്ക് വിശ്വാസവും ഉൗർജവും കൊണ്ടുവരാൻ മൗറീഞ്ഞോയ്ക്ക് സാധിക്കുമെന്നും ലെവി കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട മൗറീഞ്ഞോ ഇതുവരെ വേറെ ക്ലബുകളിൽ പ്രവർത്തിച്ചിരുന്നില്ല. ഇംഗ്ലണ്ടിൽ മൗറീഞ്ഞോയുടെ മൂന്നാമത്തെ ക്ലബാകും ടോട്ടനം.
കുറഞ്ഞ ബജറ്റിൽ വലിയ മുന്നേറ്റമുണ്ടാക്കിയ പരിശീലകനായിരുന്നു പോച്ചെറ്റിനൊ. ടോട്ടനത്തെ ചാന്പ്യൻസ് ലീഗിന്റെ കിരീടത്തിന് തൊട്ടരികിൽ വരെ എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 2014-ൽ സതാംപ്ടണിൽനിന്നാണ് പോച്ചെറ്റിനൊ ടോട്ടനത്തിലെത്തുന്നത്.