ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദനീയമാണെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ബി.ആർ. ഗവായ്. ശബരിമലയുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരത്തിന്റെ ഹർജി പരിഗണിക്കവേയാണു ജഡ്ജിയുടെ പരാമർശം.
ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനിൽക്കുന്നു. ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കുന്നതിനു യാതൊരു തടസവുമില്ല. ഇതുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികൾ പുതിയ ബെഞ്ചിന്റെ പരിഗണനയിൽ വന്നെങ്കിലും പഴയ വിധിയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ജസ്റ്റീസ് ഗവായ് പറഞ്ഞു.
ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ നൽകിയ ഹർജികളിൽ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. ശബരിമലയിൽ യുവതീപ്രവേശനത്തിനു വിലക്ക് ഏർപ്പെടുത്തിയുള്ള 1965ലെ കേരളാ ഹിന്ദു ആരാധനാസ്ഥല പ്രവേശന നിയമവും മതകാര്യങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന വിഷയവും ഏഴംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കാൻ നിർദേശിച്ച കോടതി, അതിന്റെ ഉത്തരവ് വരുന്നതു വരെ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും പരിഗണിക്കുന്നതു മാറ്റിവച്ചിരിക്കുകയാണ്. വിശാല ബെഞ്ചിന്റെ തീരുമാനമുണ്ടായശേഷം പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ബെഞ്ച് പരിശോധിക്കും.
2018 സെപ്റ്റംബർ 28-ന് അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരേ നൽകിയ 55 പുനഃപരിശോധനാ ഹർജികളും നാല് റിട്ട് ഹർജികളുമാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നടന്ന സംഘർഷങ്ങളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരി ആറിന് തുറന്ന കോടതിയിൽ വാദം കേട്ടിരുന്നു. ഒൻപത് മാസങ്ങൾക്കു ശേഷമാണ് അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്.
എന്നാൽ, പുന:പരിശോധന ഹർജികൾ അംഗീകരിക്കുന്നതായോ തള്ളിക്കളയുന്നതായോ കോടതി വ്യക്തമാക്കിയിട്ടില്ല. യുവതി പ്രവേശനം അനുവദിച്ചുള്ള മുൻ ഉത്തരവ് സ്റ്റേ ചെയ്യാത്തതിനാൽ അത് പ്രാബല്യത്തിലുമാണ്.