ന്യൂഡൽഹി: കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിച്ചതു പുനപരിശോധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിഷയം അടഞ്ഞ അധ്യായമാണെന്നും കോണ്ഗ്രസിനു വേണമെങ്കിൽ ചോദിച്ചുകൊണ്ടേ ഇരിക്കാം എന്നും ഒരു മുതിർന്ന ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് കോണ്ഗ്രസ് നേതാക്കളുടെ എസ്പിജി സുരക്ഷ പിൻവലിച്ചത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു കോണ്ഗ്രസ് പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ സംരക്ഷണത്തിനായി സായുധ സംവിധാനങ്ങളുള്ള വാഹനം വേണമെന്നു സിആർപിഎഫ് ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രമോ എസ്പിജിയോ ഇതിനോടു പ്രതികരിച്ചിട്ടില്ല.
എസ്പിജിയുടെ അതീവ സുരക്ഷ പിൻവലിച്ചശേഷം പത്തു വർഷം പഴക്കമുള്ള ടാറ്റ സഫാരി കാറാണ് നരേന്ദ്ര മോദി സർക്കാർ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു സഞ്ചരിക്കാൻ നൽകിയത്. സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടി എസ്പിജി നേരത്തെ ഉപേക്ഷിച്ചതാണ് ടാറ്റ സഫാരി. എസ്പിജി സംരക്ഷണ സമയത്ത് ബാലിസ്റ്റിക് പ്രതിരോധമുള്ള റേഞ്ച് റോവറായിരുന്നു സോണിയയും പ്രിയങ്കയും ഉപയോഗിച്ചിരുന്നത്. രാഹുൽ ഗാന്ധിക്ക് ഫോർച്യൂണറും.
എസ്പിജി സംരക്ഷണം പിൻവലിച്ചതോടെ സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും വ്യക്തിഗത സംരക്ഷണ ചുമതല അർധസൈനിക വിഭാഗമായ സിആർപിഎഫിനാണ്. എസ്പിജി സംരക്ഷണം പിൻവലിച്ച മൻമോഹൻ സിംഗിന്റെ സംരക്ഷണവും സിആർപിഎഫിനു തന്നെയാണെങ്കിലും ഇദ്ദേഹത്തിന് എസ്പിജിയിൽ നിന്നു സായുധ സംവിധാനങ്ങളുള്ള ബിഎംഡബ്ല്യു കാർ നൽകിയിട്ടുണ്ട്.