ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾ. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ കർഷക പ്രശ്നം ചർച്ച ചെയ്യാനാണു കൂടിക്കാഴ്ച എന്നാണ് ഒൗദ്യോഗിക വിശദീകരണം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ രൂപീകരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലുള്ള കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയമാനങ്ങളും കൽപ്പിക്കുന്നുണ്ട്.
ഉച്ചയ്ക്കുശേഷം പാർലമെന്റിലാണ് മോദി-പവാർ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷം എൻസിപി-കോണ്‍ഗ്രസ് കൂടിക്കാഴ്ചയും നടക്കുന്നുണ്ട്. ശിവസേന ബിജെപിയുമായി കൂട്ടുവെട്ടിയതോടെയാണു മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായത്. ഇതേതുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, എൻസിപിയുമായും കോണ്‍ഗ്രസുമായും സർക്കാർ രൂപീകരണം സംബന്ധിച്ചു ചർച്ചകൾ നടക്കുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും, ബിജെപിയുമായാണ് ഈ ഘട്ടത്തിൽ സേന ബന്ധം പുലർത്തുന്നതെന്നാണു റിപ്പോർട്ടുകൾ. 50:50 ഫോർമുലയിൽ പദവികൾ നൽകിയാൽ ബിജെപിയുമായി ശിവസേന വീണ്ടും കൂട്ടുചേർന്നേക്കും.
എന്നാൽ എൻസിപിയെ കൂട്ടുപിടിച്ച് ബിജെപി സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ബിജെപി മുന്നോട്ടുവച്ച ഫോർമുല അനുസരിച്ച് എൻസിപിക്ക് സർക്കാരിൽ പ്രധാന പദവികൾ വാഗ്ദാനം ചെയ്തതായാണു വിവരം.
രാഷ്ട്രപതി ഭരണം നിലവിൽ വന്നതിനാൽ തിരക്കിട്ടു സഖ്യത്തിലേക്കു പോകേണ്ടതില്ലെന്നാണു കോണ്‍ഗ്രസിന്റെ തീരുമാനം. ശിവസേനയുമായി സഖ്യം ഉണ്ടാക്കുന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്കെതിരാണെന്നതും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുത്തിയേക്കാമെന്നതും പ്രശ്നമാണ്. ബിജെപിക്കെതിരേ സർക്കാർ ഉണ്ടാക്കിയില്ലെങ്കിൽ കേന്ദ്രത്തിലെ ഭരണവും സംസ്ഥാനത്തെ രാഷ്ട്രപതി ഭരണവും ഉപയോഗപ്പെടുത്തി നിലവിലുള്ള എംഎൽഎമാരെ പോലും നഷ്ടമായേക്കുമെന്ന ഭയവും ഭീഷണിയും കോണ്‍ഗ്രസിനും എൻസിപിക്കുമുണ്ട്.