ന്യൂഡൽഹി: ഇന്ത്യയുടെ സാന്പത്തിക വളർച്ച വീണ്ടും ഇടിഞ്ഞേക്കുമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ പാദത്തിൽ അഞ്ചു ശതമാനത്തിലേക്കു താഴ്ന്ന വളർച്ച, വരുന്ന പാദത്തിൽ വീണ്ടും മോശമാകുമെന്നാണു പ്രവചനം. എസ്ബിഐ, നോമുര ഹോൾഡിംഗ്സ്, കാപിറ്റൽ ഇക്കണോമിക്സ് എന്നിവരാണ് തളർച്ച പ്രവചിക്കുന്നത്.
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 4.2 തശമാനം മുതൽ 4.7 ശതമാനം വരെയാണ് ഇവർ പ്രവചിക്കുന്ന വളർച്ച. ഇതു സംബന്ധിച്ച ഡേറ്റ ഈ മാസം 29-ന് സർക്കാർ പുറത്തുവിടാനിരിക്കെയാണ് വിദഗ്ധർ തളർച്ച പ്രവചിക്കുന്നത്. പ്രവചനം സത്യമായാൽ ജിഡിപി ഡേറ്റയ്ക്കു പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാകും ഇത്. ജൂണിനുശേഷമുള്ള പാദത്തിൽ ജിഡിപി വളർച്ച അഞ്ചു ശതമാനമായി ചുരുങ്ങിയിരുന്നു.
വളർച്ച ത്വരിതപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് അഞ്ചുവട്ടം പലിശനിരക്ക് വെട്ടിക്കുറച്ചിരുന്നു. മാത്രമല്ല, കോർപറേറ്റ് കന്പനികളുടെ 2000 കോടിയുടെ നികുതി വെട്ടിക്കുറയ്ക്കുകയും ചെയ്തു.