ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപറേഷനും 2020 മാർച്ചോടെ വിൽക്കുമെന്നു കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഈ വർഷത്തോടെ പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദേശീയ വിമാനക്കന്പനിയായ എയർ ഇന്ത്യക്ക് 58,000 കോടിയോളം രൂപയുടെ സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ളവരുടെ അന്താരാഷ്ട്ര സംഗമങ്ങളിൽ എയർ ഇന്ത്യയിൽ നിക്ഷേപിക്കാൻ താത്പര്യം കാണിക്കുന്ന നിരവധി കന്പനികളുണ്ട്. മുൻ വർഷങ്ങളിൽ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. സാന്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശരിയായ സമയത്ത് ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. വ്യവസായ പ്രമുഖർക്ക് അവരുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
എയർ ഇന്ത്യയുടെ കടം കുറയ്ക്കുന്നതിന്റെ ഭാഗമായി 76 ശതമാനം ഓഹരികൾ പണയം വയ്ക്കാനും മാനേജ്മെന്റ് നിയന്ത്രണം വിട്ടുകൊടുക്കാനും ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ഏറ്റെടുക്കാൻ നിക്ഷേപകർ തയാറായിരുന്നില്ല. 24 ശതമാനം ഓഹരികൾ കൈയിലുള്ള സർക്കാർ ഇടപെടുമെന്നായിരുന്നു നിക്ഷേപകർ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നൂറ് ശതമാനം ഓഹരികളും വിറ്റഴിക്കാൻ തീരുമാനിച്ചതെന്നാണു സർക്കാരിന്റെ വിശദീകരണം.
അതേസമയം, ഭാരത് പെട്രോളിയം കോർപറേഷന്റെ 53.29 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ ഒക്ടോബറിൽ ബിപിസിഎൽ സെക്രട്ടറിമാർ സമ്മതം അറിയിച്ചിരുന്നു. 1.02 ലക്ഷം കോടിയാണ് ബിപിസിഎലിന്റെ വിപണി മൂലധനം. 53 ശതമാനം ഓഹരികൾ വിൽക്കുന്നതോടെ 65,000 കോടി രൂപ സമാഹരിക്കാനാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.