തിരുവനന്തപുരം: സാധാരണക്കാരന്റെ സിവിൽ സർവീസ് എന്നറിയപ്പെടുന്ന ലോവർ ഡിവിഷൻ ക്ലാർക്ക് (എൽഡിസി) തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചു. കേരളത്തിലെ ലക്ഷക്കണക്കിനു ഉദ്യോഗാർഥികൾ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ് എൽഡിസി വിജ്ഞാപനം. ഉദ്യോഗാർഥികൾക്കു ഡിസംബർ 18 രാത്രി 12 വരെ അപേക്ഷകൾ സമർപ്പിക്കാനാകും. 18-36 വയസാണ് പ്രായപരിധി. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 02-01-1983നും 01-01-2001നും ഇടയിൽ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ) 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. അടുത്ത ജൂണിൽ പരീക്ഷ ആരംഭിച്ച് നാലുമാസംകൊണ്ട് വിവിധ ഘട്ടങ്ങളായി പരീക്ഷ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2020 ഡിസംബറിൽ സാധ്യതാ പട്ടിക തയാറാക്കി 2021 ഏപ്രിൽ മാസം റാങ്കു പട്ടിക പ്രസിദ്ധീകരിക്കുന്നതിനാണ് പിഎസ്സിയുടെ തയാറെടുപ്പ്. നിലവിലുള്ള റാങ്ക് പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിനാണ് അവസാനിക്കുന്നത്. അന്നുമുതൽ പുതിയ റാങ്ക് പട്ടിക പ്രാബല്യത്തിൽ വരും. കഴിഞ്ഞ തവണ എൽഡി ക്ലാർക്ക് പരീക്ഷ എഴുതുന്നതിനു 17.94 ലക്ഷം ഉദ്യോഗാർഥികളാണ് അപേക്ഷിച്ചിരുന്നത്. ഇത്തവണ അത് 20 ലക്ഷമെത്തുമെന്നാണ് കരുതുന്നത്. എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം. ഏറ്റവുമധികം സ്ഥാനക്കയറ്റങ്ങൾ ലഭിക്കുന്ന തസ്തികകളിലൊന്നാണ് എൽഡി ക്ലാർക്ക്. ശന്പള സ്കെയിൽ 19,000-43,000 രൂപ. എന്നാൽ അടിസ്ഥാന ശന്പളത്തോടൊപ്പം 3800 രൂപ ഡിഎയും (20 ശതമാനം), 1500 രൂപ എച്ച്ആർഎയും 350 രൂപ സിറ്റി കോന്പൻസേറ്ററി അലവൻസും ലഭിക്കും. ഫലത്തിൽ തുടക്ക ശന്പളം 24,650 രൂപ.
എങ്ങനെ അപേക്ഷ സമർപ്പിക്കാം
ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓണ്ലൈനായി ആണ് എൽഡി ക്ലാർക്ക് വിജ്ഞാപനം അനുസരിച്ച് അപേക്ഷ സമർപ്പിക്കാൻ. ഇതിനായി പിഎസ്സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. യൂസർ ഐഡിയും പാസ്വേഡും നൽകി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. പ്രൊഫൈൽ തുറന്നാൽ ഹോം പേജിലെ notification എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇതോടെ നിലവിൽ വിജ്ഞാപനം ചെയ്തിട്ടുള്ള മുഴുവൻ നോട്ടിഫിക്കേഷനുകളുടെയും ലിങ്കുകൾ കാണാൻ സാധിക്കും. ഇതിൽ അപേക്ഷ സമർപ്പിക്കേണ്ട വിഭാഗം തെരഞ്ഞെടുക്കുക. അപ്പോൾ തസ്തികകളുടെ പട്ടിക സ്ക്രീനിൽ തെളിയും. കാറ്റഗറി നന്പർ എന്റർ ചെയ്തും നോട്ടിഫിക്കേഷൻ കണ്ടെത്താം. ഓരോ തസ്തികയുടെയും വലതു ഭാഗത്തായി Check Eligibility എന്ന ലിങ്ക് കാണാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർഥി ആ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ യോഗ്യനാണോ എന്ന് അറിയാൻ സാധിക്കും. എൽഡി ക്ലാർക്ക് തസ്തികയുടെ യോഗ്യത പത്താം ക്ലാസ് വിജയമാണ്.അപേക്ഷിക്കാൻ യോഗ്യതയുണ്ടെങ്കിൽ Apply Now എന്ന ലിങ്കും യോഗ്യതയില്ലെങ്കിൽ Ineligible എന്ന ബട്ടണുമാകും തെളിയുക. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കു Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.