കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഇബ്രാഹിംകുഞ്ഞും പൊതുമരാമത്ത് മുന്‍സെക്രട്ടറി ടി.ഒ സൂരജും പദ്ധതികളില്‍ നിന്ന് ലഭിച്ച കോഴപ്പണം ഒരു സ്വകാര്യ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. ഇക്കാര്യം പരിശോധിക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കേസില്‍ കക്ഷിചേര്‍ക്കാനും കോടതി ഉത്തരവിട്ടു.
നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ പത്ത് കോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ ചുമതലയിയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ വന്നതിലാണ് അന്വേഷണം. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇക്കാര്യം വിജിലന്‍സ് സ്ഥിരീകരിച്ചിരുന്നു.
സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് വിജിലന്‍സും കോടതിയെ അറിയിച്ചു. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.