കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളില്‍ നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം ക്രൈംബ്രാഞ്ച് തയ്യാറാക്കി. ചാലിയത്തും മുക്കത്തുമാണ് മനുഷ്യശരീരങ്ങള്‍ കണ്ടെത്തിയത്. വെട്ടിമാറ്റിയ കൈകളും തലയും ഉടലും രണ്ടുവര്‍ഷംമുന്‍പാണ് വിവിധ ദിവസങ്ങളിലായി കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളെകുറിച്ചോ കൊലപാതകം നടത്തിയവരെകുറിച്ചോ ഇതുവരെയും ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.ഇതോടെയാണ് കണ്ടെടുത്ത തലയോട്ടിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം വരച്ചത്.
2017 ജൂണ്‍ 28 ന് സന്ധ്യാനേരത്താണ് മനുഷ്യശരീരത്തില്‍നിന്ന് വെട്ടിയെടുത്ത ഇടതുകൈ കോഴിക്കോട് ബേപ്പൂര്‍ ചാലിയം കടപ്പുറത്ത് കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ബേപ്പൂര്‍ പൊലീസ് സ്ഥലത്തെത്തി കൈ മോര്‍ച്ചറിയിലേക്ക് മാറ്റി. കേസ് റജിസ്റ്റര്‍ ചെയ്തു.കൈ അറത്തുമാറ്റപ്പെട്ട ശരീരത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിന്റെ മൂന്നാംനാള്‍ 2017 ജൂലൈ ഒന്നിന് ഇടതുകൈ ലഭിച്ച അതേ തീരത്ത് വലതുകൈയും അടിഞ്ഞു. ഇതോടെ കൊലപാതം തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. രണ്ടാമത്തെ കേസും റജിസ്റ്റര്‍ ചെയ്തു. ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ കൂടുതല്‍ ദുരൂഹത നിറച്ച് അഞ്ചാംനാള്‍ കൈകാലുകളും തലയുമില്ലാത്ത ഉടല്‍മാത്രം മുക്കം പൊലീസ് കണ്ടെത്തി. കൈകള്‍ ലഭിച്ച സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ മാറി ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തിരുവമ്ബാടി എസ്റ്റേറ്റ് റോഡരികില്‍ ചാക്കിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഉടല്‍.
കൈകാലുകളും തലയും അറത്തുമാറ്റിയതിനാല്‍ മനുഷ്യശരീരമാണെന്ന് തിരിച്ചറിയാന്‍ നാട്ടുകാരും പൊലീസും ആദ്യം പ്രയാസപ്പെട്ടു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീണ്ടും ഒരാഴ്ച കഴിഞ്ഞതോടെ കൈകള്‍ ലഭിച്ച ചാലിയം കടല്‍തീരത്തുനിന്ന് തലയോട്ടിയും കണ്ടെത്തി. അങ്ങനെ നാലാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തു. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ പലയിടങ്ങളില്‍ ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. രേഖാചിത്രം തയ്യാറാക്കിയതോടെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ജയരാജിന് നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫനാണ് കേസ് അന്വേഷിക്കുന്നത്