“പ്രേമമെന്നാലെന്താണു പെണ്ണേ
അതു കരളിനുള്ളിലെ തീയാണു പൊന്നേ’’
പ്രണയിക്കുന്നവരുടെ മാത്രമല്ല ഇന്നു കേരളത്തിലെ മിക്ക മാതാപിതാക്കളുടെയും മനസിൽ തീ കോരിയിടുന്ന ഒരു വാക്ക് തന്നെയാകും പ്രേമം, പ്രത്യേകിച്ചു മക്കൾ കൗമാരത്തിലേക്കു കടന്നവരാണെങ്കിൽ. അനുദിനം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അക്രമങ്ങളുടെയും തിരോധാനങ്ങളുടെയും ഒളിച്ചോട്ടങ്ങളുടെയും സർവോപരി പീഡനങ്ങളുടെയും കഥകൾ കേട്ട്, കെടാത്ത നെരിപ്പോടുകളും നെഞ്ചിലേറ്റി കഴിയുന്നവരാണ് ഇന്നത്തെ മിക്ക മാതാപിതാക്കളും.
മാതാപിതാക്കളോടു പൊട്ടിത്തെറിക്കുകയും എതിരുപറയുകയും ചെയ്യുന്നു എന്ന കാരണം കൊണ്ടാണ് അഖില എന്ന പെണ്കുട്ടിയുമായി മാതാപിതാക്കൾ കൗൺസലിംഗിനെത്തിയത്. അഖിലയുമായി സംസാരിച്ചപ്പോഴാകട്ടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ പറഞ്ഞു: എപ്പോഴും അവരെന്റെ പിറകെ നടക്കും, അങ്ങോട്ടു തിരിഞ്ഞാലും ഇങ്ങോട്ടു തിരിഞ്ഞാലും കുറ്റപ്പെടുത്തും. മുറ്റത്തേക്കിറങ്ങി, വഴിയിലേക്കെങ്ങാനും നോക്കിയാൽ ചോദിക്കും ആരെ കാണാനാടീ ഇവിടെ നിൽക്കുന്നതെന്ന്. എനിക്കു ഭ്രാന്തു പിടിക്കുന്നു.
“ഇന്നു ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്പോൾ വല്ലാത്ത ടെൻഷനാ. അതുകൊണ്ടാ ഇങ്ങനെ എപ്പോഴും അവളെ വഴക്കുപറയുന്നത്. പ്രായമിതല്ലേ, എങ്ങാനും കണ്ണുവഴുതിപ്പോയാൽ പോയില്ലേ?’’ അമ്മയുടെ വാദം ഇങ്ങനെ.
ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ പ്രണയം എന്നത് ഒരു വലിയ വിവാദ വിഷയമായിരിക്കുകയാണ്. പ്രണയിക്കുന്നതു തെറ്റാണ്, പാപമാണ് എന്നു പഠിപ്പിക്കുന്ന മതതീവ്രവാദികളും അതു മനുഷ്യനിലെ ഒരു സഹജവാസന മാത്രമാണെന്നും ഏതു വിധേനയും അതിനെ കൈകാര്യം ചെയ്യുന്നതിൽ തെറ്റില്ല എന്നു പഠിപ്പിക്കുന്ന അരാജക യുക്തിവാദികളും ചേർന്ന് ഇന്നത്തെ യുവതയിൽ കുത്തിവയ്ക്കുന്ന ആശയക്കുഴപ്പങ്ങളും ആശങ്കകളും ചെറുതല്ല. ആധുനികസമൂഹം നൽകുന്ന പരസ്പര വിരുദ്ധമായ മൂല്യങ്ങൾക്കിടയിൽപ്പെട്ട്, തെറ്റേതു ശരിയേത് എന്നു തിരിച്ചറിയാനാകാതെ ഉഴറുന്നവരാണ് അധികവും. മാതാപിതാക്കൾക്കും കുട്ടികൾക്ക് എന്തു പറഞ്ഞുകൊടുക്കണം അവരെ എങ്ങനെ നയിക്കണം എന്നതിൽ സംശയങ്ങളുണ്ട്.
തെറ്റും ശരിയും
പ്രണയവും ലൈംഗികതയുമൊന്നും അതിൽതന്നെ തെറ്റോ അശുദ്ധിയോ തിന്മയോ അല്ല. മറിച്ചു മനുഷ്യനു നല്കപ്പെട്ടതിൽ വച്ച് ഏറ്റവും മനോഹരവും ആവശ്യവുമായ കാര്യങ്ങളാണ്. അതിനെ എങ്ങനെ, എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് തെറ്റോ ശരിയോ ആയി മാറുന്നത്.
എന്തിനോടെങ്കിലും, ചുരുങ്ങിയത് ആശയങ്ങളോടെങ്കിലും, പ്രണയമില്ലാതെ ആർക്കും ഈ ഭൂമിയിൽ നിലനിൽക്കാൻ കഴിയില്ല എന്നതാണു സത്യം. രണ്ടു വ്യക്തികൾ തമ്മിൽ പരസ്പരാകർഷണവും പ്രണയവും ഒക്കെ തോന്നുന്നതിനു പല കാരണങ്ങളുണ്ട് , അല്ലെങ്കിൽ അതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട് എന്നു സാമൂഹിക മനഃശാസ്ത്രം പഠിപ്പിക്കുന്നു. ശാരീരിക സൗകുമാര്യം, ആകർഷണീയത (attractiveness) മുതൽ പല തരത്തിലുള്ള സാമ്യതകൾ (similarities- മൂല്യങ്ങൾ, വിശ്വാസങ്ങൾ, കാഴ്ചപ്പാടുകൾ, താത്പര്യങ്ങൾ മുതലായവ), സാമീപ്യം, (proximtiy) തിരികെയുള്ള വൈകാരിക പ്രതികരണങ്ങൾ, പരസ്പരം കാണുന്പോൾ വ്യക്തികൾ ഏതു മാനസികാവസ്ഥയിൽ ആയിരിക്കുന്നു (affect and mood) എന്നതു വരെ ഈ പരസ്പരാകർഷണത്തെ സ്വാധീനിക്കാം.
പ്രണയിച്ചു തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ള പലതും കാണില്ല എന്നതാണു സത്യം. എന്താണോ കാണാനിഷ്ടപ്പെടുന്നത്, അതു മാത്രമേ കാണുകയും കേൾക്കുകയും ചെയ്യൂ. വൈകാരിക തീവ്രതയാണ് ഇതിനു കാരണം. തീവ്ര വികാരങ്ങൾ ചിന്തകളെ ഏകപക്ഷീയം (biased thinking) ആക്കുന്നതുകൊണ്ട് പ്രണയഭാജനത്തിന്റെ ഗുണങ്ങളും നന്മകളും മാത്രമേ മനസ് സ്വീകരിക്കൂ. അതുകൊണ്ടാണ് ആ സമയത്ത് ഇതിന്റെ പ്രത്യാഘാതങ്ങളെ (negative consequences) കുറിച്ച്, ആ വ്യക്തിയുടെ പോരായ്മകളെക്കുറിച്ച്, മറ്റാരു പറഞ്ഞു കൊടുത്താലും പ്രണയത്തിലായിരിക്കുന്നവർ സ്വീകരിക്കാൻ മടിക്കുന്നത്.
ഏഴു വർഷക്കാലം പ്രണയിച്ച ശേഷമാണ് അനൂപും രഹനയും വിവാഹിതരായത്. ആറു മാസം ഒരുമിച്ചു ജീവിച്ചപ്പോൾ രണ്ടു പേർക്കും മതിയായി. വിവാഹമോചനത്തിന്റെ വക്കിലെത്തിയപ്പോഴാണ് ആരോ നിർദേശിച്ച പ്രകാരം ഇരുവരും കൗൺസലിംഗിനെത്തിയത്.
പല പ്രണയ വിവാഹങ്ങളും ഒളിച്ചോട്ടങ്ങളുമൊക്കെ തകർച്ചയിലേക്കും നിരാശയിലേക്കും കൂപ്പുകുത്താനുള്ള കാരണം ഇങ്ങനെ പക്വതയില്ലാതെ വികാരങ്ങളുടെ പുറത്തു മാത്രമുള്ള തെരഞ്ഞെടുപ്പാണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങുന്പോൾ ഈ വികാര തീവ്രത കുറയുകയും തത്ഫലമായി ചിന്തകൾക്കു കൂടുതൽ വ്യക്തത ലഭിക്കുകയും ചെയ്യുന്നു. ഞാൻ കരുതിയതുപോലെ മാത്രമല്ല അവൻ /അവൾ, അല്ലെങ്കിൽ സാഹചര്യങ്ങൾ എന്ന തിരിച്ചറിവ് മെല്ലെ നിരാശയിലേക്കും അകൽച്ചയിലേക്കും വെറുപ്പിലേക്കും നയിക്കും.
എന്നാൽ, പക്വതയോടെ പരസ്പരം തെരഞ്ഞെടുക്കുകയും തങ്ങളുടെ പ്രണയത്തെ ഒരിക്കലും കെടാതെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ദന്പതികളെ കണ്ടിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായ മരിയയും ജോണും അത്തരത്തിലുള്ള ദന്പതികളാണ്. ഡിഗ്രി പഠനകാലത്തു രണ്ടുപേരും പരസ്പരം പരിചയപ്പെട്ടു, ഇഷ്ടപ്പെട്ടു. പ്രണയം തുറന്നുപറഞ്ഞു. എങ്കിലും രണ്ടുപേരും തമ്മിൽ ഒരു കരാറിലെത്തി. നമുക്ക് ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. പഠനമൊക്കെ കഴിയുന്പോൾ, വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്ന സമയത്ത് നമ്മുടെ ഈ ഇഷ്ടം ഇതുപോലെതന്നെ നിലനിൽക്കുന്നുണ്ടെങ്കിൽ നമുക്കു വിവാഹിതരാകാം.
അതായത് ഉള്ളിലെ പ്രണയം രണ്ടുപേർക്കും കൂടുതൽ ലക്ഷ്യബോധവും ദിശാബോധവും നൽകി. പഠനത്തിൽ അല്പ്പം ഉഴപ്പിയിരുന്ന ജോണ് നന്നായി പഠിച്ചു. നല്ല മാർക്കോടെ പാസായി. രണ്ടുപേരും സോഫ്റ്റ്വെയർ എൻജിനിയർമാരായി കേരളത്തിനു വെളിയിൽ ജോലി സന്പാദിച്ചു, വീട്ടുകാരുടെകൂടി ഇഷ്ടത്തോടെ വിവാഹിതരായി. ഇന്നു വളരെ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.
പ്രേമത്തിനു കണ്ണും മൂക്കുമില്ല, പ്രണയം അന്ധമാണ് എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും കണ്ണും മൂക്കുമൊക്കെ തുറന്നു പിടിച്ചുകൊണ്ടുള്ള പ്രണയമാണു നിലനിൽക്കുക. യഥാർഥ സ്നേഹം ഒരിക്കലും അന്ധമല്ല. ഒരു വ്യക്തിയുടെ അല്ലെങ്കിൽ അവരുടെ ജീവിതസാഹചര്യങ്ങളിലെ കുറവുകൾക്കു നേരേ കണ്ണടച്ച്, നന്മകൾ മാത്രം ഉൾക്കൊള്ളുന്നതല്ല യഥാർഥ സ്നേഹം. മറിച്ചു രണ്ടുവശങ്ങളും അറിഞ്ഞ്, യാഥാർഥ്യബോധത്തോടെ പരസ്പരം ഉൾക്കൊള്ളുന്നതും സ്നേഹിക്കുന്നതുമാണ്.
മാതാപിതാക്കൾ അറിയാൻ
പല കൗമാരക്കാരും പ്രണയക്കുരുക്കുകളിൽ വീഴുന്നതും തകർക്കപ്പെടുന്നതും മാതാപിതാക്കൾ അറിയാതെ പോകുന്നു.
അതിനു രണ്ടു കാരണങ്ങളാകാം.
1. എന്റെ മകൻ / മകൾ അങ്ങനെയൊന്നും വീഴില്ല എന്ന അമിതമായ വിശ്വാസം.
2. ഒട്ടും വിശ്വാസമില്ലാതെ, എപ്പോഴും സംശയത്തോടെ നോക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന മനോഭാവം. ഈ രണ്ടു മനോഭാവങ്ങളും അനാരോഗ്യകരമാണ്.
വളർച്ചയുടെ ഘട്ടങ്ങളിൽ മക്കളുടെ ലോകത്തു സംഭവിക്കുന്നതെന്ത് എന്നറിയാനുള്ള ആഗ്രഹവും ശ്രമവും മാതാപിതാക്കളിലും അധ്യാപകരിലും നിന്നുണ്ടാവണം. അവനവനു പറ്റുന്ന അബദ്ധങ്ങളും തെറ്റുകളും പോലും ചമ്മലോ ഭയമോ ഇല്ലാതെ പങ്കുവയ്ക്കാനുള്ള സുരക്ഷിതത്വവും ഇടവും മാതാപിതാക്കളുടെ അടുത്തു മക്കൾക്കുണ്ടാവണം. ആരെങ്കിലും പിറകെ വന്നുവെന്നു പരാതി പറയുന്ന മകളോട്, “നീ വായിൽ നോക്കി നടന്നിട്ടല്ലേ, അടങ്ങി ഒതുങ്ങി നടക്കാഞ്ഞിട്ടല്ലേ’’ എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തുന്ന മാതാപിതാക്കളുടെ അടുത്തു ഗുരുതരമായ കുഴപ്പങ്ങളിലോ അപകടങ്ങളിലോ ചെന്നു ചാടിയാലും അതു പങ്കുവയ്ക്കാൻ കുട്ടികൾ മടിക്കും.
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് തന്റെ സഹോദരിയെക്കുറിച്ചു പറഞ്ഞതോർക്കുന്നു. അഞ്ചോ ആറോ വയസിളപ്പമുള്ള പെങ്ങളെ, കോളജിലേക്കയയ്ക്കുന്പോൾ സഹോദരൻ പറഞ്ഞതിങ്ങനെയാണ്: നിനക്ക് ആരോടെങ്കിലും ഇഷ്ടമോ പ്രണയമോ തോന്നിയാൽ നീ അതെന്നോടു തുറന്നു പറയണം. നിനക്കു ചേരുന്നതാണെങ്കിൽ ആലോചിച്ചു ചേട്ടനത് നടത്തിത്തരും. ഒരിക്കലും ഒളിച്ചു വയ്ക്കരുത്.
സുഹൃത്തുക്കളെ വീട്ടിൽ കൊണ്ടുവരാനും അവൾക്കു സ്വാതന്ത്ര്യം കൊടുത്തു. അതു മാതാപിതാക്കൾക്ക് അവളുടെ സുഹൃത്തുക്കളെ മനസിലാക്കാനുള്ള അവസരമായി. വീട്ടിലേക്കു വരാനോ മാതാപിതാക്കളുമായി ഇടപഴകാനോ മടി കാണിച്ച സുഹൃത്തുക്കളെ അവൾ വേണ്ടെന്നുവച്ചു. ഇത്തരത്തിലുള്ള സുതാര്യതയും സുരക്ഷിതത്വവുമുള്ള കുടുംബ ബന്ധങ്ങൾ തങ്ങളുടെ അബദ്ധങ്ങളും തെറ്റുകളും മറച്ചുവയ്ക്കുന്നതിൽനിന്നും ഒരു പരിധി വരെ അതിൽ വീഴുന്നതിൽനിന്നും കുട്ടികളെ തടയും.
പ്രണയം പൂർണമായും തെറ്റാണെന്നു പഠിപ്പിക്കുന്നതു ശരിയല്ല. അതേസമയം, ജീവിതത്തിൽ നിർണായകമാകുന്ന തീരുമാനങ്ങൾ വികാരങ്ങളുടെ പുറത്ത് എടുക്കാതെ വിവേകത്തോടെ കൈകാര്യം ചെയ്യണമെന്ന് ഒാർമിപ്പിക്കുക. പക്വതയോടെ തെരഞ്ഞെടുപ്പുകൾ നടത്താനും വ്യക്തമായി ചിന്തിക്കാനും ഒൗന്നിത്യത്തോടെ ഇടപെടാനും അവരെ സഹായിക്കുക. വികാരങ്ങൾ നമ്മെ നിയന്ത്രിക്കുന്നതിനു പകരം നമ്മൾ വികാരങ്ങളെ നിയന്ത്രിക്കേണ്ടതെങ്ങനെയെന്നു പരിശീലിപ്പിക്കുക. ചുരുക്കത്തിൽ പ്രണയം എന്താണെന്നും അതിനെ വിവേകത്തോടെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അവരെ പഠിപ്പിക്കുക.
നിഷ ജോസ്
കടപ്പാട്- ദീപിക