ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ രജിസ്ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു. കട്ടപ്പനയില്‍ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് കൗണ്ടര്‍ പൂര്‍ണ്ണമായും നിലം പൊത്തിയത്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തും മുന്‍പ് തന്നെ ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ വന്‍ ദുരന്തമാണ്ഒഴിവായത്.പോലീസും നാട്ടുകാരും ചേര്‍ന്ന് ടിന്‍ഷീറ്റ് ഉയര്‍ത്തിമാറ്റി പരിക്കേറ്റയാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി, സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.