ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും കൈകോര്‍ത്തു പിടിച്ചാണ് മുന്നോട്ടുപോവേണ്ടതെന്ന് ഭൂരിപക്ഷ വിധിയിലൂടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനാ ബെഞ്ചിലെ നാലു പേര് ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ആര്‍ടിഐ പരിധിയില്‍ കൊണ്ടുവരുന്നതിനോടു യോജിച്ചപ്പോള്‍ ഒരാള്‍ വിയോജിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂരിപക്ഷ വിധി എഴുതിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ ഈ വിധിയോടു യോജിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധിയോടു ജോയിച്ചുകൊണ്ട് പ്രത്യേക വിധിന്യായം എഴുതി. ജസ്റ്റിസ് എന്‍വി രമണയും വിയോജിച്ചുകൊണ്ട് വ്യത്യസ്ത വിധിന്യായം എഴുതി.
പൊതുതാല്പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമെന്നു കോടതി നിരീക്ഷിച്ചു.
ജഡ്ജിമാര്‍ക്ക് ചില പരിരക്ഷ വേണമെന്നും കോടതി. ജുഡീഷറിയുടെ സ്വാതന്ത്ര്യം തടസപ്പെടരുത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒന്നിച്ചുപോകണമെന്നും വിധിയില്‍ പറയുന്നു. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളില്‍ വിധി നിര്‍ണായകമാകും.2009 നവംബറിലാണ് ഡല്‍ഹി ഹൈക്കോടതി ഫുള്‍ബെഞ്ച് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. 2007-ല്‍ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സുപ്രീംകോടതി രജിസ്ട്രിയില്‍ വിവരാവകാശ അപേക്ഷ നല്കി. ചീഫ് ജസ്റ്റീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നായിരുന്നു അന്നു രജിസ്ട്രി നല്കിയ മറുപടി. ഇതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണു ഡല്‍ഹി ഹൈക്കോടതി, സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്നു വിധിച്ചത്.2010 നവംബറില്‍ ഇതിനെതിരേ സുപ്രീംകോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പീല്‍ നല്കി. ഇതു പരിഗണിച്ചു സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കി. ആറു വര്‍ഷത്തിനുശേഷം 2016-ലാണു ഹര്‍ജി അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിട്ടത്. 2019 ഏപ്രിലില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.