ചെങ്ങന്നൂര്‍: ഒറ്റക്ക്​ താമസിച്ചിരുന്ന വയോദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന്​ സംശയിക്കുന്ന രണ്ട്​ പേര്‍ പിടിയില്‍. ബംഗ്ലാദേശ്​ പൗരന്‍മാരായ​ ലബലു, ജുബല്‍ എന്നിവരെ വിശാഖപട്ടണത്തില്‍ നിന്നാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച്‌ ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ്​ പ്രതികളെ പിടികൂടിയത്​.

വെണ്മണി കൊടുകുളഞ്ഞി കരോട് പാറച്ചന്ത ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടില്‍ കെ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍-75), ഭാര്യ ലില്ലി (68) എന്നിവരാണ് മരിച്ചത്. കമ്ബിപ്പാരകൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാന്‍ മരിച്ചത്. മൃതദേഹത്തിനു സമീപം കമ്ബിപ്പാര കിടപ്പുണ്ടായിരുന്നു.മണ്‍വെട്ടികൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്. സമീപം മണ്‍വെട്ടി ഒടിഞ്ഞുകിടപ്പുണ്ടായിരുന്നു.മുറിയിലെ അലമാരയില്‍നിന്ന്‌ വസ്ത്രം വാരിവലിച്ചിട്ടിട്ടുണ്ട്. ബലപ്രയോഗം നടന്നനിലയില്‍ വീട്ടുപകരണങ്ങള്‍ മറിഞ്ഞുകിടക്കുന്നുണ്ട്. കൊലനടന്നത് തിങ്കളാഴ്ച വൈകീട്ടാണെന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം കൊണ്ടുവച്ച പാല്‍ വീടിന്റെ മുന്‍ഭാഗത്തുനിന്ന് എടുത്തിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് കനത്ത മഴയായിരുന്നു. നിലവിളിയും ബഹളവും പുറത്തറിയാതിരുന്നത് ഇതുകൊണ്ടാണെന്ന് പോലീസ് കരുതുന്നു.

സംഭവസ്ഥലത്ത് കൊച്ചി റേഞ്ച് ഡി.ഐ.ജി. എസ്.കാളിരാജ് മഹേഷ്‌കുമാര്‍, എസ്.പി. കെ.എം.ടോമി, എ.എസ്.പി. ബി.കൃഷ്ണകുമാര്‍, ഡിവൈ.എസ്.പി.മാരായ അനീഷ് വി.കോര, ആര്‍.ബിനു, ചെങ്ങന്നൂര്‍ സി.ഐ. എം.സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ്‌ നടത്തി.ആലപ്പുഴയില്‍നിന്ന്‌ ഡോഗ് സ്‌ക്വാഡും സയന്റിഫിക് ഓഫീസര്‍ വി.ചിത്ര, വിരലടയാള വിദഗ്ധന്‍ വി.അജിത്ത് എന്നിവരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലി ചെയ്തിരുന്ന ദമ്ബതികള്‍ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. ഇവരെത്തിയാലേ മോഷണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ കഴിയു.കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ചിലെ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ പ്രധാന സംഘാടകരാണ്‌ ചെറിയാനും ലില്ലിയും.