തിരുവനന്തപുരം : വൈ.എം.സി.എ യും വൈ.ഡബ്ല്യു.സി.എ.യും സംയുക്തമായി നടത്തുന്ന പ്രാര്‍ത്ഥനാ വാരാചരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. ”ലിംഗ സമത്വത്തിനുവേണ്ടി അധികാര ഘടനയെ പരിവര്‍ത്തിപ്പിക്കുന്ന യുവാക്കള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങളും പ്രാര്‍ത്ഥനാ പരിപാടികളുമാണ് ഈ ദിവസങ്ങളില്‍ നടക്കുക.

സ്ത്രീകളുടെയും കുട്ടികളുടെയും പീഡനംപോലുള്ള തിന്മകള്‍ക്കു പരിഹാരം ആത്മീയതയാണെന്ന് ബിഷപ്പ് തോമസ് തറയില്‍ അഭിപ്രായപ്പെട്ടു. ആത്മീയതയിലേക്ക് രൂപാന്തരപ്പെടുന്ന പ്രാര്‍ത്ഥനയാണ് ആവശ്യം. പ്രാര്‍ത്ഥനയുള്ളപ്പോള്‍ മനസ്സ് ശാന്തമായിരിക്കും. ആകുലതകള്‍ ഇല്ലാത്ത മനസ്സാണ് പീഡനത്തിനെതിരെയുള്ള നല്ല പ്രതിരോധം.നാട്ടില്‍ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും അതിനനുസരിച്ച് ക്രൈസ്തവ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് സംക്രമിപ്പിക്കുന്നതായി കാണുന്നില്ല. സ്ത്രീകളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുന്ന പീഡന ചര്‍ച്ചകള്‍ നടത്തുന്നതിനു പകരം അവര്‍ക്ക് ധൈര്യം പകര്‍ന്നു കൊടുക്കുകയാണ് വേണ്ടത്. പരസ്പരമുള്ള കരുതലും ആദരവുമാണ്, പക്വതയില്ലാത്ത ചിന്തയും ചര്‍ച്ചയുമല്ല കേരളത്തിന് ആവശ്യം. ഇന്ന് ചാനലുകള്‍ ശ്രദ്ധിച്ചാല്‍ തോന്നും, കേരളത്തോളം മോശമായ സ്ഥലം വേറെയില്ലെന്ന്. ഈ സമീപനത്തില്‍ തിരുത്തല്‍ ആവശ്യമാണെന്ന് ബിഷപ്പ് തറയില്‍ പറഞ്ഞു.

മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ് വിഷയാവതരണം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് ജെയിംസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.സി.എഫ് പ്രസിഡന്റ്ഫാ. ഡോ. ടി.ജെ. അലക്‌സാണ്ടര്‍, വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് നീന തോമസ്, റിലീജിയസ് പ്രോഗ്രാം ചെയര്‍പേഴ്‌സണ്‍ ക്ഷേമ ജോര്‍ജ്ജ്, വൈ.എം.സി.എ സ്പിരിച്വല്‍ പ്രോഗ്രാംഗ് ചെയര്‍മാന്‍ ഡോ. കോശി എം. ജോര്‍ജ്ജ്, കണ്‍വീനര്‍ ജിമ്മി ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.