ന്യൂഡല്‍ഹി: കര്‍ണാടകയിലെ 17 വിമത എംഎല്‍എമാരെ അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി സുപ്രിംകോടതി ശരിവച്ചു. കൂറുമാറിയ കോണ്‍ഗ്രസ്- ജെഡിഎസ് 17 എംഎല്‍എമാര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ണായക വിധി. അയോഗ്യരാക്കിയെങ്കിലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. വിമത എംഎല്‍എമാര്‍ 2023 വരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് തടഞ്ഞുകൊണ്ടുള്ള സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി.
അതേസമയം ജനാധിപത്യത്തില്‍ ധാര്‍മികത പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു.സംസ്ഥാനത്ത് ആകെ 17 സീറ്റുകളിലാണ് ഒഴിവുള്ളത്. 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മസ്കി രാജരാജേശ്വരി നഗര്‍ മണ്ഡലങ്ങളുടെ ഫലവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ ഒക്ടോബർ 21ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എംഎൽഎമാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നതിനാൽ പിന്നീട് സുപ്രീംകോടതി നിർദേശ പ്രകാരം ഡിസംബർ 5ലേക്ക് മാറ്റി വെച്ചു. 7 സീറ്റിലെങ്കിലും ബിജെപി ജയിക്കുകയാണെങ്കിൽ യെദ്യൂരപ്പ സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാം. അല്ലെങ്കിൽ സർക്കാർ താഴെപോകും.നിലവിൽ ഭരണകക്ഷി ബിജെപിക്ക് ഒരു സ്വതന്ത്രനും ഒരു കെപിജെപി അംഗവും ഉൾപ്പെടെ 106 അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തിനാകെ 101 അംഗങ്ങളാണുള്ളത്. കോൺഗ്രസ് -66, ജെഡിഎസ് – 34, ബിഎസ്പി–1 എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയുടെ സീറ്റ് നില.