വത്തിക്കാൻ സിറ്റി: വംശീയയുദ്ധത്തിന്റെ പിടിയിൽനിന്നു സമാധാനത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്ന ദക്ഷിണസുഡാൻ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാൻ നേതാക്കൾ തയാറാകണമെന്ന് മാർപാപ്പ അഭ്യർഥിച്ചു. ദക്ഷിണസുഡാൻ പ്രസിഡന്റ് സാൽവാ ഖീറും പ്രതിപക്ഷ നേതാവ് റെയ്ക് മച്ചാറും സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ധാരണയിലേർപ്പെട്ടിരുന്നതാണ്. എന്നാൽ സുരക്ഷ അടക്കമുള്ള കാരണങ്ങളാൽ സർക്കാർ രൂപീകരണം 100ദിവസംകൂടി വൈകിപ്പിക്കാൻ ഇരുവരും കഴിഞ്ഞയാഴ്ച തീരുമാനിച്ചു.
ഇതിനു പിന്നാലെയാണ് മാർപാപ്പ സന്ദർശന താത്പര്യം പരസ്യമാക്കിയത്. യാത്രാ പരിപാടികൾ അദ്ദേഹം വിശദീകരിച്ചില്ല. “ഈ വർഷം ദക്ഷിണ സുഡാനിൽ പോയേ പറ്റൂ” എന്നു മാത്രമാണ് മാർപാപ്പ പറഞ്ഞത്.അനുരഞ്ജന ചർച്ചയുടെ ഭാഗമായി സാൽവാ ഖീറും റെയ്ക് മച്ചാറും ഈ വർഷമാദ്യം വത്തിക്കാൻ സന്ദർശിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് മാർപാപ്പ ഇവരുടെ കാൽ ചുംബിച്ചു.