ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശ്രമം വേണം എന്ന ആവശ്യവുമായി മിശിഹായുടെ രാജത്വ തിരുനാൾ ദിനമായ നവംബർ 24ന് സമുദായ സംരക്ഷണ ദിനം ആചരിക്കും. കൂടാതെ അന്നേ ദിവസം ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനവും മറ്റു അനീതികളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിക്കുള്ള ഒപ്പുശേഖരണവും നടത്തപ്പെടും.
പുന്നത്തറ സെന്റ് തോമസ് ഇടവകയിൽ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പിതാവ് ദിനാചരണം ഉദ്‌ഘാടനം ചെയ്യും.അതിരൂപതയിലെ എല്ലാ ഇടവകകളിലും അന്നേ ദിവസം എ. കെ. സി. സി , കെ. എൽ.എം ,പിതൃവേദി, മാതൃവേദി,യുവദീപ്തി തുടങ്ങിയ സംഘടനകളുടെയും കുടുംബ കൂട്ടായ്മ, സൺഡേ സ്കൂൾ എന്നിവയുടെയും ആഭിമുഖ്യത്തിൽ പ്രത്യേക സമ്മേളനങ്ങളും ബോധവത്കരണ സെമിനാറുകളും നടത്തപ്പെടും. പതാക ഉയർത്തിയും സമുദായ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും വിശ്വാസികൾ ഈ ദിനം സമുചിതമായി ആചരിക്കും.കേരള സർക്കാരിൽ നിന്നും ക്രൈസ്തവ സമൂഹം നേരിടുന്ന അനീതികൾക്കും അവകാശ നിഷേധങ്ങൾക്കും എതിരെ മുഖ്യ മന്ത്രിക്ക് സമർപ്പിക്കുന്ന ഭീമ ഹർജിയുടെ ഒപ്പുശേഖരണവും നടത്തപ്പെടും. ഭീമഹർജിയിൽ താഴെ പറയുന്ന ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
അതിരൂപത ഉന്നയിക്കുന്ന ആവശ്യങ്ങള്‍
1. കേരള ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മീഷന്റെയും ശ്രീ പാലോളി മുഹമ്മദ് കുട്ടി കമ്മീഷന്റെയും മാതൃകയിൽ ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണം.
2. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 എന്ന അനുപാതം (മുസ്ലിം സമുദായത്തിന് 80 % ബാക്കി 5 ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൂടി 20%) തികഞ്ഞ അനീതിയാകയാൽ അത് ഒഴിവാക്കി തുല്യനീതി ഉറപ്പാക്കി കൊണ്ടുള്ള ഒരു അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണം.
3.ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും വകുപ്പിന്റെ കീഴിലുള്ള ന്യൂനപക്ഷ കമ്മീഷൻ, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, ന്യൂനപക്ഷക്ഷേമ സമിതികൾ, തുടങ്ങിയവയുടെ ഭരണനിർവ്വഹണത്തിൽ ക്രൈസ്തവർക്ക് തുല്യ പ്രാധാന്യം നൽകണം. മാത്രമല്ല ന്യുനപക്ഷ കമ്മീഷന്റെ ചെയർമാൻ സ്ഥാനം ക്രൈസ്തവർക്കും മുസ്ലിം സമുദായത്തിനും തവണ വ്യവസ്ഥയിൽ നൽകണം.
4. ക്രൈസ്തവർക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണം.
5. പിഎസ് സി, ബാങ്ക് കോച്ചിംഗ് തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനത്തിനായി ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷ വിഭാഗത്തെപ്പോലെ സൗജന്യ പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും അനുവദിച്ചു നൽകണം.
6. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പോലെയുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ ക്രൈസ്തവർക്കും തുല്യ പരിഗണന നൽകണം.
7. ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചു കൊണ്ടുള്ള കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ” ഒരു ന്യൂനപക്ഷ സമുദായംഗം ചെയർമാനായും മറ്റൊരു ന്യൂനപക്ഷ സമുദായാംഗം അംഗമായും ഒരു ന്യൂനപക്ഷ സമുദായാംഗം വനിതാ അംഗമായും കമ്മീഷൻ രൂപീകരിക്കണം” എന്ന നിബന്ധനയിൽ ക്രൈസ്തവരെ ഒഴിവാക്കാൻ വേണ്ടി “മറ്റൊരു ന്യൂനപക്ഷ സമുദായാംഗം അംഗമായും” എന്ന ഭാഗം ” “ഒരു ന്യൂനപക്ഷ സമുദായാംഗം അംഗമായും” എന്നു ഭേദഗതി വരുത്തിയത് അസാധുവാക്കി പഴയ നില പുനസ്ഥാപിക്കണം.
8. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് കൃത്യമായി ക്രൈസ്തവരെ കൂടി അറിയിക്കുവാൻ ഉള്ള സംവിധാനം ഉണ്ടാകണം. മുസ്ലിം സമുദായത്തിനായി ഏർപ്പെടുത്തിയ മഹൽ സോഫ്റ്റ് പോലെയുള്ള ക്രമീകരണം ക്രൈസ്തവർക്കും ചെയ്തു തരണം.
9. മുസ്ലിം സമുദായത്തിന് മദ്രസകൾ എന്നതുപോലെ ക്രൈസ്തവരുടെ മതപഠനത്തെയും വിശ്വാസത്തെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ രൂപീകരിക്കണം.സർവ്വകലാശാലകളിലും ക്രൈസ്തവ പഠനങ്ങൾക്ക് പ്രത്യേക വിഭാഗങ്ങൾ ആരംഭിക്കണം.
10. ക്രൈസ്തവർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നൽകുന്ന അപേക്ഷകൾ പലതും തിരസ്കരിക്കപ്പെടുന്നു. ഇതിനെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് നടപടി സ്വീകരിക്കണം.
11. സാമ്പത്തിക സംവരണം(EWS Reservation ) സംവരണേതര ക്രൈസ്തവർക്കും കൂടി പ്രയോജനപ്രദമായ രീതിയിൽ എത്രയും പെട്ടെന്ന് സംസ്ഥാന സർവീസുകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും K TET,SET പോലെയുള്ള യോഗ്യതാ പരീക്ഷകളിലും നിലവിൽ സംവരണം അനുവദിച്ചിട്ടുള്ള എല്ലാ രംഗങ്ങളിലും നടപ്പിലാക്കണം.ഇപ്പോൾ നടത്തുന്ന KAS Recruitmentൽ 10% EWS Reservation അനുവദിച്ചുകൊണ്ട് അടിയന്തിരമായി വിജ്ഞാപനം പുറപ്പെടുവിക്കണം.
12. ക്രൈസ്തവരുടെ വിശേഷ ദിവസമായ ഞായറാഴ്ചയും ഇതര വിശുദ്ധ ദിനങ്ങളും കവർന്നെടുക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണം.
13.കേരളത്തിലെ സംവരണേതര ജന വിഭാഗങ്ങളിൽ 50% ത്തോളം പേർ ക്രൈസ്തവരാണ്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സ്റ്റാറ്റിയൂട്ടറി കമ്മീഷൻ , EWS Commission, മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ എന്നിവയുടെ രൂപീകരണത്തിലും ഉദ്യോഗസ്ഥ സംവിധാനങ്ങളിലും സംവരണേതര ക്രൈസ്തവ വിഭാഗത്തിൽ നിന്ന് തുല്ല്യമായ പ്രാതിനിധ്യം അനുവദിക്കുക.
14. ദളിത് ക്രൈസ്തവരോടുള്ള അനീതി അവസാനിപ്പിക്കുകയും അവരെ പട്ടികജാതി സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുകയും ചെയ്യണം. അതോടൊപ്പം അവർക്ക് അർഹമായ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ നൽകുകയും ചെയ്യണം.
15. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൽ കേരളത്തിൽ നിന്ന് ഒബിസി പട്ടികയിൽ ചേർത്തിരിക്കുന്ന ‘മാപ്പിള’ എന്ന വിഭാഗത്തിൽ ചില ക്രൈസ്തവ വിഭാഗങ്ങൾ കൂടി ഉൾപ്പെട്ടതാണ്.പരമ്പരാഗതമായി അവർ അങ്ങനെയാണ് സംബോധന ചെയ്യട്ടിട്ടുളളത്. മാത്രമല്ല ഇതിനു പല ചരിത്ര രേഖകളും ഉണ്ട്. അതിനാൽ അവർക്ക് സംവരണ ആനുകുല്യങ്ങൾ നിഷേധിക്കുന്നത് അവസാനിപ്പിക്കണം.
ഈ കർമ പരിപാടികൾക്ക് പുറമെ വിശ്വാസികളിൽ ബോധവൽക്കരണം നടത്തുന്നതിനായി “കേരള ക്രൈസ്തവർ: അവസ്ഥയും അവകാശങ്ങളും” എന്ന പേരിൽ അതിരൂപത ഒരുപഠന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ അതിരൂപതാ അംഗങ്ങൾക്കായി നവംബർ 16 മുതൽ എൽ ഡി ക്ലാർക്ക്, കെ. എ. എസ് എന്നി മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള തീവ്ര പരിശീലനവും ആരംഭിക്കുന്നു.ഇടവകകളിലും സ്കൂളുകളിലും ഹെൽപ്‌ഡെസ്കുകൾ ആരംഭിച്ചു സർക്കാർ പദ്ധതികൾ അതിരൂപതാ അംഗങ്ങളിൽ എത്തിക്കുവാനുള്ള പരിശ്രമങ്ങളും നടന്നു വരുന്നു.