പശ്ചിമാഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു കഥ ഇങ്ങനെയാണ്. അവരുടെ പശുക്കള്‍ നല്‍കിയിരുന്ന പാലിന്റെ അളവ് പെട്ടെന്ന് കുറഞ്ഞു. അതിന്റെ കാരണം കണ്ടെത്തുന്നതിനു വേണ്ടി ഒരു യുവാവ് രാത്രിയില്‍ തൊഴുത്തില്‍ ഒളിച്ചിരുന്നു.രാത്രി വൈകിയപ്പോള്‍ അതിസുന്ദരിയായ ഒരു ആകാശകന്യക ചന്ദ്രരശ്മികള്‍ രഥമാക്കി കടന്നുവരുന്ന ഒരു കാഴ്ച അവന്‍ കണ്ടു.അവളുടെ കൈയില്‍ പാത്രവുമുണ്ട്.അവള്‍ പശുക്കളെ കറന്ന് പാലുമായി വന്നവഴിയെ തിരിച്ചുപോയി. അടുത്ത രാത്രിയില്‍ ആ യുവാവ് ഒരു വലിയ കുരുക്കുമായി തൊഴുത്തില്‍ കാത്തിരുന്നു. സുന്ദരി വന്നപ്പോള്‍ അവന്‍ വലയെറിഞ്ഞ് അവളെ പിടികൂടി. താന്‍ ആകാശകന്യകയാണെന്ന് അവള്‍ വെളിപ്പെടുത്തി. തന്റെ കൂട്ടര്‍ക്കു വേണ്ട ഭക്ഷണം ശേഖരിക്കാനാണ് അവള്‍ എത്തുന്നത്. തന്നെ കുടുക്കില്‍ നിന്ന് രക്ഷിച്ചാല്‍ അയാള്‍ക്കുവേണ്ടി എന്തും ചെയ്യാമെന്നും അവള്‍ വെളിപ്പെടുത്തി. അതോടെ അവന്റെ ഭാര്യയായിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ അവളെ മോചിപ്പിച്ചു. അവള്‍ ആകാശത്തെ തന്റെവസതിയില്‍ പോയി. വേണ്ടത്ര ഒരുക്കങ്ങളോടെ മൂന്നു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി.

“ഞാന്‍ നിന്നെ വിവാഹം ചെയ്യാം. നിന്റെ ഭാര്യയായി ജീവിക്കാം. പക്ഷെ ഞാന്‍ കൊണ്ടു വന്നിട്ടുള്ള ഈ പെട്ടി ഒരിക്കലും തുറക്കരുത്. അതു നീ ഉറപ്പു നല്‍കണം.’’അവള്‍ ആവശ്യപ്പെട്ടു. അയാള്‍ ഉറപ്പുകൊടുത്തു. അങ്ങനെ രണ്ടു പേരും സന്തോഷപൂര്‍വ്വം ദമ്പതികളായി ജീവിച്ചു. മാസങ്ങള്‍ പലതു കഴിഞ്ഞു. ഒരുദിവസം ഭാര്യ അവിടെയില്ലാത്ത അവസരം നോക്കി ജിജ്ഞാസുവായ അവന്‍ ആ പെട്ടി തുറന്നുനോക്കി. അതില്‍ ഒന്നുമില്ലായിരുന്നു! അവള്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവ് തന്റെ പെട്ടി തുറന്നിരിക്കുന്നു എന്ന് മനസിലാക്കി.അതോടെ അയാളോടൊപ്പം ഇനി ജീവിക്കാനാവില്ലെന്ന് അവള്‍ വെളിപ്പെടുത്തി. “എന്താണിത്ര വലിയ പ്രശ്‌നം? ഈ കാലിപ്പെട്ടി തുറന്നു നോക്കിയതില്‍ എന്തിരിക്കുന്നു?” യുവാവ് ചോദിച്ചു. “ഞാന്‍ നിങ്ങളെ വിട്ടുപോകുന്നത് നിങ്ങള്‍ പെട്ടി തുറന്നു നോക്കിയതുകൊണ്ടു മാത്രമല്ല. നിങ്ങള്‍ ആ പെട്ടിയില്‍ ഒന്നുമില്ല, അതു കാലിയാണെന്നു പറഞ്ഞുവല്ലോ. പക്ഷെ അതു ശൂന്യമല്ലായിരുന്നു. അത് നിറച്ച് ആകാശമുണ്ടായിരുന്നു. ആകാശത്തിലുള്ള എന്റെ ഭവനത്തില്‍ നിന്നുള്ള വായുവും വെളിച്ചവും അതിലുണ്ടായിരുന്നു. എനിക്ക് ഏറ്റവും അമൂല്യമായവ നിങ്ങള്‍ക്ക് കേവലം ശൂന്യതയാണ്. ഞാന്‍ നിങ്ങളുടെകൂടെ എങ്ങനെ ജീവിക്കും?”

അവര്‍ വേര്‍പിരിഞ്ഞു എന്നാണ് കഥ. ദാമ്പത്യതകര്‍ച്ചയ്ക്ക് പ്രധാന കാരണം വിശ്വാസലംഘനമാണ്. പരസ്പരമുള്ള ബന്ധത്തില്‍ അതു ശൈഥില്യമുണ്ടാക്കുന്നു. പങ്കാളിയുടെ രഹസ്യങ്ങള്‍ ചികഞ്ഞെടുക്കാനുള്ള ജിജ്ഞാസ അസുഖകരമായ പല രംഗങ്ങളും സൃഷ്ടിക്കുന്നു. മറ്റൊരു കാര്യം പങ്കാളിയെ മറച്ചുവച്ച് കാര്യങ്ങള്‍ ചെയ്യുവാനുള്ള ശ്രമമാണ്. അതു വെളിച്ചതാകുന്നതോടെ പരസ്പരം തുറന്ന സമീപനംഇല്ലാതാകുന്നു. സംശയത്തിന്റെ കരിനിഴല്‍ അവരുടെ ദാമ്പത്യജീവിതത്തിന്റെ പ്രകാശം കെടുത്തുന്നു. മൂന്നാമത്തെ കാര്യം ഭാര്യ വിലപ്പെട്ടതായി കാണുന്നതിനെ ഭര്‍ത്താവ് വിലയിടിച്ചു കാണുന്നു എന്നതാണ്. ഭര്‍ത്താവിന്റെ ദൃഷ്ടിയില്‍ നിസ്സാരമെന്നു തോന്നുന്നത് ഭാര്യയ്ക്കു വളരെ വിലപ്പെട്ടതാകാം. അതുകൊണ്ടു നല്ല ഒരു ദാമ്പത്യജീവിതം കാംഷിക്കുന്നുവെങ്കില്‍ പങ്കാളിയുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും ഇരുവരും മാനിച്ചേ മതിയാവൂ.

ജോണ്‍ മുതിരപ്പറമ്പില്‍