ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷണറുടെ “പവർ’ എന്തെന്ന് ജനാധിപത്യ ഇന്ത്യക്ക് വെളിപ്പെടുത്തിതന്ന മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ (87) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷറായിരുന്നു അദ്ദേഹം.പാലക്കാട് ജില്ലയിൽ തിരുനെല്ലായിയിലുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷൻ ജനിച്ചത്. ശേഷന്റെ പിതാവ് അധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്.രാഷ്ട്രീയ പാർട്ടികളെ വിറപ്പിച്ച ഒരേയൊരു തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളു. അത് തിരുനെല്ലായി നാരായണയ്യർ ശേഷ നായിരുന്നു. 1990 മുതൽ 96 വരെയാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനം അനുഷ്ഠിച്ചത്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും ഇക്കാലത്ത് ശേഷൻ അറിയപ്പെട്ടു.40,000-ത്തോളം സ്ഥാനാർഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാൻ പാർലമെന്റ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല
മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ അന്തരിച്ചു….
