തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ കൂടി ക്രൈംബ്രാഞ്ച് കേസെടുത്തു. എസ്.എ.പി. ക്യാമ്ബിലെ രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കോപ്പിയടിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ പോലീസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് ഇവര്‍ക്കെതിരേകേസ് രജിസ്റ്റര്‍ ചെയ്തത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിച്ച്‌ റാങ്ക് പട്ടികയില്‍ ഇടം നേടിയിരുന്നത്. ഇതില്‍ ശിവരഞ്ജിത്തിനായിരുന്നു കെ.എ.പി.4 കാസര്‍കോട് ബറ്റാലിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ ഇവര്‍ പ്രതികളായതോടെ പി.എസ്.സി. പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച്‌ സംശയമുണരുകയും കോപ്പിയടി നടന്നതായി കണ്ടെത്തുകയുമായിരുന്നു.

അതേ സമയം പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും ഉടന്‍ നിയമനം നടത്താന്‍ പിഎസ് സി തീരുമാനിച്ചു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരാഴ്ചയ്ക്കുള്ള നിയമന ശിപാര്‍ശ നല്‍കും. കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയ എസ്‌എഫ്‌ഐ മുന്‍ നേതാക്കളായ മൂന്ന് പേരെ ഒഴിവാക്കിയാണ് പിഎസ് സി നിയമനം നല്‍കുന്നത്.