തൃശൂര്‍: കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയില്‍ ഇനി മുതല്‍ അന്യ സംസ്ഥാന മലയാളികള്‍ക്കും അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെഎസ്എഫ്ഇയുടെ നവീകരിച്ച ആസ്ഥാനമന്ദിരത്തിന്റെയും സുവര്‍ണ ജൂബിലിആഘോഷങ്ങളുടെയും ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ക്കു മാത്രം പോരാ, മറ്റു സംസ്ഥാനത്തുള്ളവര്ക്കുംകൂടി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസിച്ചിട്ടി പോലുള്ള പദ്ധതികളിലൂടെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന സ്ഥാപനം എന്ന നിലയില്‍ അഭിമാനകരമായ വളര്‍ച്ചയാണ് കെഎസ്എഫ്ഇ നേടിയത്. സാമ്ബത്തിക സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയില്‍ മാത്രമേ നന്നാവൂ എന്നു പറയുന്നവര്‍ സഹകരണ സ്ഥാപനങ്ങളെക്കുറിച്ചും കെഎസ്എഫ്ഇയെക്കുറിച്ചും പഠിച്ച് എന്താണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നു മനസിലാക്കണം.മുഖ്യമന്ത്രി പറഞ്ഞു.