തിരുവനന്തപുരം:സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ അപകടത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധമായും ഉദാസീനനായും വാഹനമോടിച്ചതാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.നിയമസഭയിൽ പി കെ ബഷീർ എംഎൽഎയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. കേസില്‍നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ തെളിവാണ് പോലീസ് റിപ്പോര്‍ട്ടെന്നാണ് മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാകുന്നത്.

അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായി മന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്ത് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഒരാഴ്ചയ്ക്കിടെ ആറുകോടി 26 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ വാഹനമിടിച്ച്‌ ബഷീര്‍ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിച്ചു. സിരാജ് ദിനപ്പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം ഉണ്ടായത്.
സംഭവത്തിന് ശേഷം നടന്ന കാര്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.