വാർത്തകൾ
🗞🏵 *കൊല്ലം അഞ്ചലില്‍ ലിഫ്റ്റ് ചോദിച്ച ഒമ്പതാംക്ലാസുകാരനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.* ബൈക്കില്‍ നിന്നു ചാടി രക്ഷപെട്ട വിദ്യാര്‍ഥിക്ക് പരുക്കേറ്റു. സിസിടിവിയില്‍ നിന്നു പ്രതിയുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
🗞🏵 *സാക്ഷികള്‍ കൂറുമാറുന്നത് മൂലം കേസുകള്‍ പരാജയപെടുന്നത് തടയാന്‍ നിര്‍ണായക നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി.* കേസിലെ സാക്ഷികളുടെ മൊഴിയെടുക്കുന്നത് പൂര്‍ണമായിട്ടും വീഡിയോ ചിത്രീകരിക്കുന്നത് പരിഗണിക്കാന്‍ കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു.
🗞🏵 *പാത നിര്‍മാണത്തില്‍ അഴിമതി നടത്തിയ മുതിര്‍ന്ന എന്‍ജിനിയര്‍മാരെ രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചു.* ദക്ഷിണ റയില്‍വേയിലെ ചെന്നൈ ഡിവിഷനിലെ മുതിര്‍ന്ന എന്‍ജിനിയര്‍മാരെയാണ് സി.ബി.ഐ പ്രത്യേക കോടതി ജയിലിലേക്കയച്ചത്. കാട്ട്പാടി–തിരുപ്പതി പാത ബ്രോഡ്ഗേജ് ആക്കുന്നതിന്റെ പ്രവര്‍ത്തിയില്‍ അഴിമതി നടത്തിയെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
🗞🏵 *സംസ്ഥാനത്തെ പൊതുടാപ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി.* തിരുവനന്തപുരം, കൊച്ചി, കോര്പ്പറേഷന് പരിധിയിലാണ് ആദ്യഘട്ടത്തില്‍ ടാപ്പുകള്‍ ഒഴിവാക്കുന്നത്. ഇതോടെ പൊതുടാപ്പുകളെ ആശ്രയിക്കുന്ന നിരവധിപേര്‍ ബുദ്ധിമുട്ടാലാകും.
🗞🏵 *എറണാകുളം വടക്കന്‍പറവൂരില്‍ അബദ്ധത്തില്‍ ബസ് മാറി കയറിയ ഏഴാംക്ലാസുകാരനെ പന്ത്രണ്ടു കിലോമീറ്റര്‍ അകലെ ഇറക്കിവിട്ട് കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍.* കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
🗞🏵 *തളിപ്പറമ്പിൽ പൊലീസ് യൂണിഫോമിനോടു സാദൃശുമുള്ള വസ്ത്രം ധരിച്ചു തോക്കിന്റെ മാതൃകയുമായി പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.* മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ സംസ്ഥാന സർക്കാരിനെതിരെ എസ്ഡിപിഐ നടത്തിയ ‘പ്രതിഷേധ തെരുവി’ലാണു സംഭവം. പൊലീസ് യൂണിഫോമിനോടു സാമ്യമുള്ള വസ്ത്രം ധരിച്ചു സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണു 17 പേർക്കെതിരെ കേസ്.
🗞🏵 *നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ചതില്‍ അടിമുടി ദുരൂഹത.* പാലക്കാട് റൈഫിള്‍ അസോസിയേഷനായാണ് തോക്കെത്തിച്ചതെന്നായിരുന്നു പിടിയിലായ മലപ്പുറം സ്വദേശി കെ ടി റമീസ് കസ്റ്റംസ് അധികൃതരോട് പറഞ്ഞത്. വിദേശത്തു നിന്ന് തോക്കെത്തിക്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പാലക്കാട് റൈഫിള്‍ അസോസിയേഷന് സെക്രട്ടറി വി.നവീന്‍ പറഞ്ഞു.
🗞🏵 *താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒന്നര വയസ്സുകാരന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ കൈക്കുഞ്ഞുമായി യുവതി അറസ്റ്റിൽ.* റിമാൻഡിലായ യുവതിക്കൊപ്പം കുഞ്ഞിനെയും ജയിലിലേക്ക് അയച്ചു. ലക്കിടിമംഗലം സ്വദേശിയുടെ കുട്ടിയുടെ ഒരു പവൻ മാല മോഷ്ടിച്ച കേസിൽ സൗത്ത് പനമണ്ണ സ്വദേശി നസീറയെയാണു സിഐ എം. സുജിത് അറസ്റ്റ് ചെയ്തത്.
🗞🏵 *പി.എസ്.സി യുടെ നിലവിലെ പരീക്ഷാനടത്തിപ്പ് ഗുരുതര പാളിച്ചകൾ നിറഞ്ഞതെന്ന് ക്രൈംബ്രാഞ്ച്.* സീറ്റിങ്ങ് പാറ്റേൺ മുതൽ ഇൻവിജിലറ്റേർമാരെ നിശ്ചയിക്കുന്നതു വരെ മാറ്റണം. പരീക്ഷാഹാളിൽ മൊബൈൽ ജാമർ നിർബന്ധമാക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പി.എസ്.സിക്ക് കത്തുനൽകി.
🗞🏵 *അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു.* ഡല്‍ഹിയിലുള്‍പ്പെടെ സുരക്ഷാ സംവിധാനം ശക്തമാണ്. എന്നാല്‍ അയോധ്യയിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി. തര്‍ക്കപ്രദേശത്തിനു സമീപത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു.
🗞🏵 *എറണാകുളം റവന്യു ജില്ലാ കായികമേളയുടെ സംഘാടനത്തില്‍ പിഴവുകള്‍.* മേളയ്ക്കിടെ പരുക്കേറ്റ കുട്ടിയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത് അരമണിക്കൂറിനുശേഷമാണ്. കുട്ടികള്‍ക്ക് കുടിവെള്ള സൗകര്യമോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. ഒളിംപ്യന്‍ മേഴ്സിക്കുട്ടന്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തി.
🗞🏵 *പത്തുദിവസത്തെ അനിശ്വിതത്വത്തിനൊടുവിൽ ആലപ്പുഴയിലെ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാൻ റോഡ്പൊളിച്ചു തുടങ്ങി.* പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി കുടിവെള്ള വിതരണം പുനരാരംഭിക്കാൻ പക്ഷെ രണ്ടുദിവസംകൂടി എടുക്കും. ശാശ്വത പരിഹാരം കാണാൻ നാളെ മന്ത്രിതലചർച്ച തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്.
🗞🏵 *കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകും.* വര്‍ക്കിങ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാനാണ് പുതിയ നീക്കം.
🗞🏵 *ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിനെ കൊന്നുകുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതി വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.* ഇരുവരും മുംബൈയിലെ ജെജെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലിജിയുടെ രണ്ടര വയസുള്ള മകളുടെ മൃതദേഹം മുംബൈയിൽ തന്നെ സംസ്കരിക്കും
🗞🏵 *വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും.* കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ അറിയിച്ചെങ്കിലും നടപടികൾ വൈകുകയാണ്.
🗞🏵 *ഐ.എസ്.തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി അതി ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി യസീദി പെൺകുട്ടി.* ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബാഗ്ദാദിയുടെ ലൈംഗിക അടിമയായിരുന്ന താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറയുന്നത്. അവസാന കാലത്ത് ബാഗ്ദാദി ഏറെ ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും സുരക്ഷയുടെ കാര്യത്തിൽ ആകുലനായിരുന്നുവെന്നും പെൺകുട്ടി അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി.
🗞🏵 *ക്നാനായ സമുദായ പാരമ്പര്യസംരക്ഷണത്തിനു സഹായിക്കുന്നതിനും പ്രവാസിജീവിതത്തിന് ആത്മീയ വിശുദ്ധി പകരുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടാമത്തെ ക്നാനായ മിഷന് ബെർമിംഗ്ഹാമിൽ തുടക്കമായി.* ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റേയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു.
🗞🏵 *അയോധ്യ തർക്ക ഭൂമി സംബന്ധിച്ച കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ആരെങ്കിലും പുനഃപരിശോധനാ ഹർജി നൽകിയാൽ അത് പുതിയ ബെഞ്ച് പരിഗണിക്കും.* വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായതിനാൽ വിയോജിപ്പുള്ളവർക്ക് പുനഃപരിശോധനനാ ഹർജിയും അതു പരാജയപ്പെട്ടാൽ പിഴവു തിരുത്തൽ ഹർജിയും ഫയൽ ചെയ്യുകയെന്നതാണ് നിയമപരമായ പോംവഴി.
🗞🏵 *മിൽമ എറണാകുളം റീജിയണൽ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.* 124 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം.വിശദ വിവരങ്ങൾക്ക് https://www.milma.com/
🗞🏵 *തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം.* മറ്റൊരു ഇടവകയിലെ അംഗത്തിന്റെ മൃതദേഹം പാളയം പള്ളിയുടെ കീഴിൽ വരുന്ന പാറ്റൂർ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചതിനെ തുടർന്നാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചത്.
🗞🏵 *വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ തുടങ്ങി വിവിധ തലങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളും സേവനങ്ങളും രാജ്യത്തെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ നന്മയ്ക്കും സമഗ്രവളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നുവെന്നും സഭയുടെ സേവനങ്ങളെ തമസ്കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്നും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ*
🗞🏵 *പ്രത്യുല്പാദനപരവും, ലൈംഗീകവുമായ അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവന് വിരുദ്ധ നിലപാട് സ്വീകരിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ നെയ്റോബി ഉച്ചകോടി അടുത്ത ആഴ്ച നടക്കുവാനിരിക്കെ എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് വത്തിക്കാന്‍.* ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ കെനിയയെ അറിയിച്ചു.
🗞🏵 *വാട്സ്ആപ്പിന്റെ ബാറ്ററി ഉപയോഗം ക്രമാതീതമായി വർധിച്ചതായി ആക്ഷേപം.* ആൻഡ്രോയിഡ് ഉപയോക്താക്കളും എെഫോണ്‍ ഉപയോക്താക്കളും ഒരുപോലെ പരാതിയുമായി രംഗത്തുണ്ട്.
🗞🏵 *അയോധ്യ വിധി പുറത്തുവന്നതിന് പിന്നാലെ പള്ളി പണിയുന്നതിനു വേണ്ടി ലഭിക്കുന്ന അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കണമോ എന്ന് സുന്നി വഖഫ് ബോർഡിൽ പൊരിഞ്ഞ ചർച്ച.* ഇത് സംബന്ധിച്ച് നവംബർ 26ന് തീരുമാനമെടുക്കുമെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡ് വ്യക്തമാക്കി
🗞🏵 *ചെന്നൈ വിമാനത്താവളത്തില്‍ 71.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലയാളികള്‍ പിടിയില്‍.* കോഴിക്കോട് സ്വദേശികളായ അമിര്‍, നഹര്‍ എന്നിവരാണ് പിടിയിലായത്. ബെല്‍റ്റില്‍ സ്ട്രിപ്പ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
🗞🏵 *സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അറിയിച്ചതോടെ രണ്ടാമതുള്ള ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ്* കൊശയാരി.അതേസമയം, എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും അടുപ്പിക്കാനുള്ള ശ്രമം ശിവസേന ഊര്‍ജ്ജിതമാക്കി.
🗞🏵 *അയോധ്യ കേസിലെ സുപ്രീംകോടതി വിധി സംബന്ധിച്ച് വര്‍ഗീയത കലര്‍ന്ന പോസ്റ്റ് ഇട്ടതിന് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.* മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട മൂന്ന് പേര്‍ക്കെതിരെയാണ് മലപ്പുറത്ത് കേസെടുത്തിരിക്കുന്നത്. പാണ്ടിക്കാട്, മഞ്ചേരി, പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
🗞🏵 *ഭാരതത്തിലെ തിരഞ്ഞെടുപ്പ് രീതികളെ നവീകരിച്ച കർക്കശക്കാരനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ (87) വിട വാങ്ങി* . വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.
🗞🏵 *സർക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ നയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ചിലിയിൽ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി.* ഏതാണ്ട് ഒരു മാസമായി ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോ നഗരത്തിൽ സമാധാനപരമായ നടന്നുവന്നിരുന്ന പ്രതിഷേധം ഇന്നലെയാണ് അക്രമാസക്തമായി മാറിയത്. ഇതേ തുടര്‍ന്നു നിരവധി ക്രൈസ്തവ ദേവാലയങ്ങളും ഗ്രോട്ടോകളും തകര്‍ക്കപ്പെട്ടു. ഇതിനിടെ കറുത്ത മുഖംമൂടിയണിഞ്ഞ പ്രതിഷേധക്കാർ ലാ അസൻഷിയൻ എന്ന കത്തോലിക്കാ ദേവാലയം കൊള്ളയടിച്ചു.
🗞🏵 *ഭ്രൂണഹത്യയും, പൈശാചികതയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിക്കൊണ്ട് പ്രോലൈഫ് പ്രവർത്തകർ നിർമ്മിച്ച ഡോക്യുമെന്ററി പ്രദർശനത്തിനെത്തി.* ‘ക്രിയേറ്റഡ് ഈക്വൽ ഫിലിംസ്’ എന്ന പ്രോലൈഫ് സംഘടനയിലെ അംഗങ്ങളാണ് ഡോക്യുമെന്ററിക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. നവംബർ ഏഴാം തീയതി ‘അബോർഷൻ: എ ഡോക്ട്രയിൻ ഓഫ് ഡെവിൾ’ എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഡോക്യുമെന്ററിക്കു വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
🗞🏵 *വസ്തുതകൾക്കുമേൽ വിശ്വാസം നേടിയ വിജയമാണു അയോധ്യ ഭൂമിതർക്ക കേസിലെ സുപ്രീംകോടതി വിധിയെന്ന് എഐഎംഐഎം പ്രസിഡന്റ് അസസുദ്ദീൻ ഒവൈസി.* മസ്ജിദ് പണിയാൻ ഭൂമി എന്ന വാഗ്ദാനം നിരസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🗞🏵 *കെപിസിസി ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി.*
🗞🏵 *കേരളത്തിലെ വിദ്യാർഥികളുടെ ഭാവി കലാലയ രാഷ്ട്രീയത്തിൽ മുക്കിക്കൊല്ലാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി തൃശൂരിൽ വൻ പ്രതിഷേധ സദസ്.* കൊച്ചുകുട്ടികളെ തമ്മിലടിപ്പിക്കാനും കാന്പസുകളെ രക്തപങ്കിലമാക്കി അവരുടെ ഭാവി തകർക്കാനും വിട്ടുകൊടുക്കില്ലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുന്നറിയിപ്പു നൽകി.
🗞🏵 *ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ – പന്പ റൂട്ടിൽ കെഎസ്ആർടിസി 210 സർവീസ് നടത്തും.* ശബരിമലയിലേക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സർവീസുകൾക്ക് പുറമേ 379 സർവീസ് ഏർപ്പെടുത്തും.
🗞🏵 *അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഏഴു ദിവസത്തേക്ക് കർക്കശമായ സുരക്ഷാ നിബന്ധനകൾ പോലീസ് ഏർപ്പെടുത്തി.* മതസൗഹാർദം, സുരക്ഷ എന്നിവയെ ബാധിക്കാവുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല.നശീകരണ വസ്തുക്കൾ സ്ഫോടക വസ്തുക്കൾ വെടിമരുന്ന്, ആയുധങ്ങൾ എന്നിവ ശേഖരിക്കാനോ കൊണ്ടുപോകാനോ പാടില്ല.
🗞🏵 *ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രാർഥനായജ്ഞത്തിലൂടെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നു രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു.* നിലവിൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് റിവ്യൂ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്. വിധി എതിരാണെങ്കിൽ ക്യുറേറ്റീവ് പെറ്റീഷൻ, ഓർഡിനൻസ് സാധ്യതകളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ഓസ്ട്രേലിയയിൽ കാട്ടു പടരുന്നു.* ക്വീസ് ലാൻഡിലും ന്യൂസൗത്ത് വെയിൽസിലുമാണ് കാട്ടുതീ പടർന്നത്. സംഭവത്തിൽ മൂന്ന് പേർ മരിച്ചെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്.
🗞🏵 *മദ്രാസ് ഐഐടിയിലെ ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.* വിദ്യാർഥിനി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ആത്മഹത്യാക്കുറിപ്പോ മറ്റ് സൂചനകളോ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രമേ ജീവനൊടുക്കിയതാണോ എന്ന് ഉറപ്പിക്കാനാകൂ എന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
🗞🏵 *പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരപ്രദേശങ്ങളിൽ ബുൾബുൾ ചുഴലിക്കാറ്റ് വീശിയടിച്ചു.* രണ്ടു പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ചുഴലിക്കൊടുങ്കാറ്റിനൊപ്പം രണ്ടു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറിൽ 110-120 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്.
🗞🏵 *രാജ്യത്തു ഭീകരാക്രമണ സാധ്യതയെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.* ജയ്ഷെ മുഹമ്മദ് ഭീകരർ ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
🗞🏵 *തിരുവനന്തപുരം സിഇടി കോളേജിൽനിന്നു കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.* ഒന്നാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി രതീഷ് കുമാറിന്റെ മൃതദേഹമാണു കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശിയാണു മരിച്ച രതീഷ് കുമാർ.
🗞🏵 *മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ കോഴിക്കോട് യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്ത പാർട്ടി അംഗങ്ങളായ വിദ്യാർഥികളെ സിപിഎം പുറത്താക്കും.* ഇതിനായി ലോക്കൽ ജനറൽ ബോഡി യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചു. ആദ്യയോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര ലോക്കലിൽ നടക്കും.
🗞🏵 *ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ പുഴയിൽ വീണു.* കഴിഞ്ഞദിവസം രാത്രി പാലക്കാടാണു സംഭവം. പാലക്കാട്ടുനിന്നു പട്ടിക്കാട്ടേക്കു സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്.
🗞🏵 *കിഫ്ബിയിൽ തുറന്നുപോരുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ.* കിഫ്ബിയെ ഏൽപ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യൂഡിക്കില്ലെന്നും റോഡുകളെക്കുറിച്ച് പരാതി കേൾക്കേണ്ടിവരുന്നതു പൊതുമരാമത്ത് വകുപ്പാണെന്നും സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.
🗞🏵 *തിരുവനന്തപുരം നഗരസഭാ മേയർ തെരഞ്ഞെടുപ്പിൽ കെ. ശ്രീകുമാർ എൽഡിഎഫ് സ്ഥാനാർഥിയാകും.* ഞായറാഴ്ച രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണു തീരുമാനം. സിപിഎം സംസ്ഥാന സമിതിക്കു ശിപാർശ കൈമാറി.
🗞🏵 *നിയമം നടപ്പാക്കാൻ മുഖം നോക്കേണ്ട കാര്യമില്ലെന്നു പോലീസുകാരോടു മുഖ്യമന്ത്രി പിണറായി വിജയൻ.* പാവപ്പെട്ടവർക്കു നീതി നിഷേധിക്കരുതെന്നും അവർക്ക് അൽപം മുൻഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 *മധ്യപ്രദേശിൽ അയോധ്യ കേസിൽ വിധി പറയുന്നതുമായി ബന്ധപ്പെട്ടു സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന പോലീസുകാർക്കു സസ്പെൻഷൻ.* ഡ്യൂട്ടിക്കിടെ വാട്സ്ആപ്പിൽ ചാറ്റ് ചെയ്തതിനാണ് അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തത്.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
*ഇന്നത്തെ വചനം*
ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന് പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണു പ്രവര്‍ത്തിക്കേണ്ടത്?
അവന് പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന് മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.
അവന് ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്.
പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെ സ്നേഹിക്കുക.
ആയുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്?
യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.
ഈ വചനം കേട്ട് ആയുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.
മത്തായി 19 : 16-22
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
*വചന വിചിന്തനം*
ദൈവീകജീവനില്‍ പ്രവേശിക്കുവാന്‍ കല്പനകള് അനുസരിക്കുക
നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. നമ്മിൽ സമ്പത്തായി എന്താണ് ഉള്ളതെന്ന് ദൈവസന്നിധിയിൽ ഇരുന്ന് കണ്ടുപിടിക്കുകയും അത് മറ്റുള്ളവർക്കായി പങ്കുവയ്ക്കുകയും ചെയ്യുക പ്രധാനപ്പെട്ട കാര്യമാണ്.
സമ്പത്തായി, മറ്റുളളവർക്ക് പങ്കുവയ്ക്കാൻ ഒന്നുമില്ല എന്നു ചിന്തിക്കരുത്. നിന്റെ സമയം, കഴിവ്, ആരോഗ്യം, ബുദ്ധി, ജീവിതം, പുഞ്ചിരി – എല്ലാം മറ്റുള്ളവർക്കായി പങ്കുവച്ചു കൂടേ? ഒന്നുമില്ലാത്തവരായി ഈ ഭൂമിയിൽ ആരുമില്ല. ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന സമ്പത്തിന് നന്ദി പറയുക, അത് മറ്റുള്ളവർക്കായി ഉപയോഗിക്കുക.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*