ക്വാരഖോഷ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് ഇറാഖില് നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ പുനരധിവാസത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചുവെന്ന് അന്താരാഷ്ട്ര പൊന്തിഫിക്കല് സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്ച്ച് ഇന് നീഡ് (എ.സി.എന്). ഇക്കഴിഞ്ഞ ഒക്ടോബര് 30ന് നിനവേ സന്ദര്ശന മധ്യേ എ.സി.എന് സെക്രട്ടറി ജനറല് ഫിലിപ്പ് ഒസോറസാണ് ഇറാഖിലെ തങ്ങളുടെ പദ്ധതിയുടെ പുതിയ ഘട്ടം ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്. കുര്ദ്ദിസ്ഥാനിലെ താത്ക്കാലിക ജീവിതം മതിയാക്കി മടങ്ങിയെത്തിയ ഇറാഖി ക്രൈസ്തവരില് ആത്മവിശ്വാസവും സുരക്ഷിതത്വബോധവും നിറയുന്നതിനായി പ്രാദേശിക ദേവാലയങ്ങളുടെയും പള്ളിവക സ്വത്തുക്കളുടേയും പുനര് നിര്മ്മാണവും, അറ്റകുറ്റപ്പണികളുമാണ് പുതിയ ഘട്ടത്തിലെ പ്രധാന ദൗത്യം.
നിനവേ പുനര്നിര്മ്മാണ സമിതിയുടെ (എന്.ആര്.സി) യോഗത്തില് പങ്കെടുത്ത കല്ദായ, സിറിയന് കാത്തലിക്, സിറിയന് ഓര്ത്തഡോക്സ് തുടങ്ങിയ സഭകളില് നിന്നുള്ള പുരോഹിതരോട് ഇറാഖിനോടുള്ള തങ്ങളുടെ ഐക്യദാര്ഢ്യം ഒസോറസ് തുറന്നു പ്രഖ്യാപിച്ചു. ഇറാഖിലെ ഏറ്റവും വലിയ ക്രിസ്ത്യന് ദേവാലയമായ ബഗേധായിലെ അല് താഹിറ ദേവാലയമാണ് എ.സി.എന്നിന്റെ പുനര് നിര്മ്മാണ പട്ടികയില് ഉള്പ്പെട്ടിരിക്കുന്ന പ്രധാന ദേവാലയം. ഏതാണ്ട് 5,60,000ഡോളറാണ് ഈ ദേവാലയത്തിന്റെ ഉള്വശം പുനരുദ്ധരിക്കുന്നതിനായി എ.സി.എന് ചിലവഴിക്കുക.
സിറിയന് ഓര്ത്തഡോക്സ് ക്രൈസ്തവര് ധാരാളമായുള്ള യസീദി ക്രിസ്ത്യന് പട്ടണമായ ബാഷിക്കായിലെ നാജെം അല്-മാഷ്രിക് ഹാളും തീയറ്ററും പുതുക്കി പണിയുന്നതിന് പത്തുലക്ഷം ഡോളറും സംഘടന അനുവദിച്ചിട്ടുണ്ട്. സിറിയന് കാത്തലിക്, കല്ദായ, സിറിയന് ഓര്ത്തഡോക്സ് സഭാ വിശ്വാസികള്ക്ക് ഗുണകരമായ ഏതാണ്ട് 8,00,000ഡോളര് ചിലവുവരുന്ന പതിമൂന്നോളം വിവിധ പുനരധിവാസ പദ്ധതികള്ക്കാണ് എ.സി.എന് അംഗീകാരം നല്കിയിരിക്കുന്നത്. ഇറാഖിലെ വടക്കന് മൊസൂള്,നിനവേ തുടങ്ങിയ ക്രിസ്ത്യന് മേഖലകളിലെ ജനജീവിതം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുനര് നിര്മ്മാണ പ്രവര്ത്തനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തെ ഭയന്ന് ഇറാഖില് നിന്നും പലായനം ചെയ്ത ക്രൈസ്തവരില് 45ശതമാനവും തിരികെയെത്തിയിട്ടുണ്ട്. കടകളും കച്ചവട സ്ഥാപനങ്ങളും തുറന്ന് പ്രവര്ത്തിക്കുവാന് തുടങ്ങിയെന്നത് തിരിച്ചെത്തുന്നവര്ക്ക് ആശ്വാസം പകരുകയാണ്. നിരവധി ഭവനങ്ങളുടെ അറ്റകുറ്റപ്പണികളും പൂര്ത്തിയായിക്കഴിഞ്ഞു. മതബോധനം, റേഡിയോ, സ്കൂളുകള് തുടങ്ങിയ സഭാ പ്രവര്ത്തനങ്ങളും സാധാരണഗതിയിലായി തുടങ്ങി. ഇത്രത്തോളം മാറ്റം കൊണ്ടുവരാന് എയിഡ് റ്റുദി ചര്ച്ച് ഇന് നീഡ് കഴിഞ്ഞ നാളുകളില് ശ്രമകരമായ പ്രവര്ത്തനമാണ് നടത്തിയത്.
2014മുതല് ഇറാഖിലെ ഭവനരഹിതരായ ക്രൈസ്തവര്ക്ക് വേണ്ടി 2.6കോടി ഡോളറാണ് ഈ കത്തോലിക്കാ ഉപവി സംഘടന ചിലവഴിച്ചിരിക്കുന്നത്. 2086ഭവനങ്ങള് സംഘടന പുനര്നിര്മ്മിച്ച് നല്കി. മധ്യപൂര്വ്വേഷ്യയുടെ പുനരുദ്ധാരണത്തിനായി കത്തോലിക്ക സഭ നടത്തുന്ന സന്നദ്ധ പ്രവര്ത്തനങ്ങളുടെ മഹത്തായ മാതൃകയായി മാറിയിരിക്കുകയാണ് ഈ സേവന ദൌത്യങ്ങള്