കൊച്ചി: കോഴിക്കോട് നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്.പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന കീഴ്‌കോടതി ഉത്തരവിലെ വാദത്തിനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ഉയര്‍ത്തിയാണ് ഹര്‍ജി നല്‍കുക.
അതേസമയം അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് ജയില്‍ വകുപ്പ് വ്യക്തമാക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഇരുവരേയും വിയ്യൂരിലെ അതീവ സുരക്ഷ ജയിലേക്ക് മാറ്റണമെന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ ആവശ്യം. എന്നാല്‍ നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് വിലയിരുത്തിയാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഈ ആവശ്യം തള്ളിയത്.
മഞ്ചിക്കണ്ടി വനമേഖലയില്‍ നിന്ന് കണ്ടെടുത്ത ലഘുലേഖയും അലന്‍റെയും താഹയുടേയും വീട്ടില്‍ വിന്ന് കണ്ടെടുത്ത ലഘുലേഖകളും തമ്മില്‍ സാമ്യമുള്ളത് ഗൗരവമുള്ള സംഗതിയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റിലായവരെ കൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. രക്ഷപ്പെട്ട മൂന്നാമനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.