ദൈവത്തിന്റെ സ്നേഹവും കരുണയും സാന്ത്വനവും അനേകരിലേക്കു പകർന്നുനല്കിയ മദർ മേരി ലിറ്റി അന്തരിച്ചിട്ട് മൂന്നു വർഷം തികയുന്നു. നേടാവുന്ന സ്ഥാനമാനങ്ങളും ആർഭാടവും സുഖസൗകര്യങ്ങളുമെല്ലാം വിട്ടെറിഞ്ഞ്, ആർക്കും വേണ്ടാതെ അനാഥരാകാൻ സാധ്യതയുള്ള കുരുന്നുകൾക്കു ഭക്ഷണവും പാർപ്പിടവും പരിചരണവും നല്കാൻ ജിവിതം ഉഴിഞ്ഞുവച്ച മഹതിയായിരുന്നു മദർ മേരി ലിറ്റി.
കുന്നന്താനത്തെ ദൈവപരിപാലനാഭവനത്തെക്കുറിച്ച് അധികമൊന്നും അറിയാതെയാണ് ഞാൻ അവിടെ കയറിച്ചെല്ലുന്നത്. അദ്ഭുതവും അന്പരപ്പും ആരാധനയും ഇടകലർന്ന ഒരനുഭവമാണ് 1987 ൽ ആദ്യമായി അവിടെയെത്തിയ ദിനം എനിക്കു ലഭിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടതിനുശേഷം മദറുമായി നടന്ന എന്റെ ആദ്യ കൂടിക്കാഴ്ചയിൽ എനിക്കു മനസിലായി ഈ മഹത്തായ ശുശ്രൂഷകൾക്ക് ഇവരെ പ്രേരിപ്പിക്കുന്നതും സംതൃപ്തിയോടെ ഇവർ അതു നിർവഹിക്കുന്നതും കരുണാമയന്റെ ശക്തിയാലാണെന്ന്.
നിരാലംബരായ, അംഗപരിമിതികളുള്ള, മാനസിക പ്രശ്നങ്ങളുള്ള, ചലനശേഷി പരിമിതമായ, സംസാരശേഷിയില്ലാത്ത, കാഴ്ചശക്തിയില്ലാത്ത, വിശപ്പും ദാഹവും പറയാനറിയാത്ത ഒട്ടനവധിപ്പേരെ കാരുണ്യത്തോടെയും സ്നേഹത്തോടെയും പുഞ്ചിരിയോടെയും പരിചരിക്കുന്ന ഒരുപറ്റം മാലാഖമാരും അവർക്കു മാർഗനിർദേശം നല്കി അവരുടെ പ്രവൃത്തികളിൽ പങ്കാളിയായി ഒരമ്മയും. സ്നേഹവും പരിചരണവും ചിരിയും മാത്രമുള്ള ഒരു ലോകം. ഒന്നും കരുതിവയ്ക്കാതെ ദൈവസ്നേഹവും ദൈവകാരുണ്യവും പ്രാർഥനയും മാത്രമുള്ള ലോകം. എല്ലാ തിരിച്ചടികളെയും പ്രാർഥനകൊണ്ടുമാത്രം പരിഹരിക്കുന്ന ലോകം. ഇതെല്ലാം സാധ്യമാക്കിയ ആ അമ്മയെ ഓർക്കുന്നതുപോലും പുണ്യം.
മദറിന്റെ പ്രവർത്തനങ്ങളുടെ അളവുകോൽ മാതൃഭവനത്തിലും അതിന്റെ ശാഖാഭവനങ്ങളിലുള്ള കുരുന്നുകളുടെയും നിരാലംബരുടെയും മുഖത്തു വിടരുന്ന പുഞ്ചിരിയാണ്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ ആ കുരുന്നുകൾക്ക് സമീപം സേവനസന്നദ്ധതയോടെ, ചിരിച്ചുകൊണ്ടു മാത്രം നിലകൊള്ളുന്ന ഒരുപറ്റം മാലാഖമാരും മദറിന്റെ ചൈതന്യത്തിന്റെ മറ്റൊരു കാഴ്ചയാണ്. ശബ്ദിക്കാൻ കഴിവില്ലാത്തവരെക്കൊണ്ട് പാടിച്ചതിനും ചലനശേഷി പരിമിതമായവരെക്കൊണ്ട് നൃത്തം ചെയ്യിച്ചതിനും അവ മറ്റുള്ളവരുടെ മുന്പിൽ അവതരിപ്പിച്ചതിനും പരിമിതമായ വിരലുകൾ മാത്രം ഉള്ളവരെക്കൊണ്ട് വാദ്യോപകരണങ്ങൾ ഭംഗിയായി പ്രവർത്തിപ്പിച്ചതിനും ഇവിടത്തെ മാലാഖമാർക്ക് കഴിവു കൊടുത്തത് മദറിൽകൂടി പ്രവർത്തിച്ച ദൈവശക്തിയാണ്. ഈശ്വര ആരാധനയ്ക്കൊപ്പം തന്നെ കാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കി അതിനായി ഒരു സമൂഹത്തെ വാർത്തെടുത്ത ഈ അമ്മ ഒരുപാടു മനസുകളിൽ നന്മയുടെ വിത്ത് പാകി.
നൂറു ശതമാനം കൃത്യമായും ആത്മാർഥമായും പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകണമെന്നത് മദറിന്റെ ദൃഢനിശ്ചയമായിരുന്നു. വിമർശനത്തോടുകൂടിയ നിർദേശങ്ങൾ പുഞ്ചിരിയോടെ കേൾക്കാനും സന്തോഷത്തോടുകൂടി നടപ്പിലാക്കാനും മദർ ശ്രദ്ധിച്ചിരുന്നു. കൂടെയുള്ളവരെയും ഇതേ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും മദർ പ്രേരിപ്പിച്ചു.
ഒന്നുമില്ലാത്ത അവസ്ഥയിൽ ഒരു കുടിലിൽനിന്നു സേവനം ആരംഭിച്ച് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് ദൈവപരിപാലനാഭവനം എത്തിയതു മദറിന്റെ അശ്രാന്ത പരിശ്രമഫലമായാണ്. പ്രതികൂല അവസ്ഥകളിലൊന്നും പതറാതെ എല്ലാം കാരുണ്യവാൻ സഹായിക്കും എന്ന പൂർണ വിശ്വാസത്തോടെയുള്ള പ്രവർത്തനം ജീവിതവ്രതമായി സ്വീകരിച്ച് ദൈവപരിപാലനാഭവനം ഇതര സംസ്ഥാനങ്ങളിലേക്കും ആഫ്രിക്കയിലേക്കും വളർന്നു. മദർ ലിറ്റിയുടെ പാവനസ്മരണയ്ക്കു മുമ്പിൽ ശിരസ് നമിക്കുന്നു.
സി. ശശിധരൻ പിള്ള
(ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ലേഖകൻ മദർ ലിറ്റി സ്ഥാപിച്ച ദൈവപരിപാലന ഭവനങ്ങളുടെ ഓഡിറ്ററായി മുപ്പതിലധികം വർഷങ്ങളായി സേവനം ചെയ്യുന്നു).