അഹമ്മദാബാദ് : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഗതാഗത നിയമ ലംഘന പിഴകള്‍ക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് പിഴത്തുകയില്‍ ആദ്യമേ തന്നെ ഇളവു വരുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിക്കുന്ന ഒരാളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.

മക്കളുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആളെ പിന്നിലിരുന്ന മക്കള്‍ ഹെല്‍മറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതും അദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു.ഇതേതുടര്‍ന്ന് പോലീസ് വലിയ തുക പിഴയിട്ടെന്നാണ് വിവരം. എന്നാല്‍, അദ്ദേഹം പിഴയൊടുക്കാന്‍ തയാറാകാതെ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പോലീസ് ചെയ്യുന്നത് ശരിയല്ലെന്നും, താന്‍ വളരെ കുറഞ്ഞ വേഗത്തിലാണ് വാഹനം ഓടിച്ചതെന്നും ഇതിന് ഹെല്‍മറ്റ് ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തിയോടെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.