ന്യൂഡല്‍ഹി: അയോധ്യ കേസില്‍ നിര്‍ണ്ണായക കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്ത് മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുത് എന്നും മതസൗഹാര്‍ദം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്നോടിയായി കേസിലെ വിധി വരും.
രാജ്യത്ത് ഐക്യം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.2010ല്‍ അയോധ്യക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും ജനങ്ങളും എങ്ങനെയാണ് അതിനെ സമാധാനപരമായി സ്വീകരിച്ചതെന്ന് ഒക്ടോബര്‍ 27ന് നടന്ന ‘Mann ki Baat’ റേഡിയോ പരിപാടിയില്‍ മോദി പറഞ്ഞിരുന്നു.
അയോധ്യ കേസിലെ കക്ഷികളെ പിന്തുണച്ചോ എതിര്‍ത്തോ ആരും സംസാരിക്കരുതെന്നും വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.
അതേസമയം, അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഒക്ടോബര്‍ 16ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ഭൂമിത്തര്‍ക്ക കേസില്‍ നീണ്ട 40 ദിവസമാണ് വാദം കേള്‍ക്കാനായി സുപ്രീംകോടതി വിനിയോഗിച്ചത്.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുണ്ടായിരുന്നത്.