തിരുവനന്തപുരം: തലസ്ഥാനത്ത് ജയ്ഹിന്ദ് ടിവി ക്യാമറമാനെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ മര്‍ദിച്ചു.നിയമസഭാ പരിസരത്ത് വച്ചാണ് സംഭവം.മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ചരമവാര്‍ഷിക ദിനാചരണ പരിപാടിക്കിടെയാണ് സംഭവം. യാതൊരു പ്രകോപണവുമില്ലാതെയാണ് പൊലീസുകാരി മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചത്. ശേഷം ക്യാമറ തകര്‍ക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.
വാഹനം റോഡരികില്‍ നിര്‍ത്തി ക്യാമറ പുറത്തെടുക്കുന്നതിനിടയിലാണ് സംഭവം. വാഹനം ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാണ് വനിതാ കോണ്‍സ്റ്റബിള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ ജയ്ഹിന്ദ് ടിവി ക്യാമറാന്‍ ബിബിന്‍ കുമാറിന്റെ മുഖത്ത് അടിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ സ്ഥലത്തെത്തി ഇവരെ ഇവിടെനിന്ന് മാറ്റുകയായിരുന്നു.വനിതാ കോണ്‍സ്റ്റബിളിന് മാനസിക സമ്മര്‍ദങ്ങളുള്ളതിനാലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്നാണ് മറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്നും വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മര്‍ദനത്തില്‍ പരുക്കേറ്റ ക്യാമറാമാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മ്യൂസിയം സ്റ്റേഷനിലും, മുഖ്യമന്ത്രിയ്ക്കും, നിയമസഭാ സ്‌പീകര്‍ക്കും പരാതി നല്‍കി. അക്രമത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകവും പ്രതിഷേധം അറിയിച്ചു.