പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി. നല്ല രീതിയിൽ അന്വേഷിക്കാനുള്ള ശേഷി ക്രൈംബ്രാഞ്ചിനുണ്ടെന്നും ഒരു രീതിയിലുള്ള രാഷ്ട്രീയ പരിരക്ഷയും കുറ്റവാളികൾക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ. കേസിൽ ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പിഎസ്‌സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി അനൂപ് ജേക്കബ് നോട്ടീസ് നൽകി. പിഎസ്‌സി കോണ്‍സ്റ്റബിൾ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ ആശങ്കയും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളി നടത്തിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ക്രൈംബ്രാഞ്ച് വഴിയൊരുക്കുകയായിരുന്നു. കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാർഥികൾക്ക് മൂന്ന് തട്ടിപ്പുകാരുടെ പേരിൽ നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിൽ അടിയന്തര പ്രാധാന്യമില്ലെന്നും അതിനാൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.