മാവോയിസ്റ്റ് പ്രവര്‍ത്തകരെന്ന് ആരോപിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട്ടെ സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് പൊലീസ് സൂപ്രണ്ട്. രണ്ട് പ്രതികളെയും കോഴിക്കോട് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികള്‍ കോഴിക്കോട്ടെ ജയിലില്‍ സുരക്ഷിതരല്ല, അതിനാല്‍ ഇവരെ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് പോലീസിന്റെ ആവശ്യം ഇതിനായി ഉടന്‍ ഡിജിപിക്ക് അപേക്ഷ നല്‍കും. അതിനിടെ അലന്റെുയും താഹയുടെയും ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസില്‍ വാദം കേട്ട കോടതി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു.
ഇന്നലെ കേസിന്‍റെ വാദം നടക്കുന്നതിനിടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല.അതേസമയം ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള യുഎപിഎ വകുപ്പുകള്‍ തല്‍ക്കാലം പിന്‍വലിക്കുന്നില്ലെന്ന പൊലീസ് നിലപാട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ യുപിഎ പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി. നിലവില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുന്നതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.കസ്റ്റഡി അപേക്ഷയെ കുറിച്ചുള്ള വാദങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചില്ലെന്നതും ശ്രദ്ധേയമായി. അതേസമയം, യുവാക്കള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കില്ലെന്ന് വാദം പ്രതിഭാഗം ആവര്‍ത്തിച്ചു. ഇവര്‍ നിരോധിത സംഘടനയുടെ ഭാഗമാണെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകര്‍ പ്രതികള്‍ ഏത് ദിവസവും കോടതിയില്‍ ഹാജരാവന്‍ തയ്യാറാവെന്നും കോടതിയെ അറിയിച്ചിരുന്നു.