തിരുവനന്തപുരം: പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ പുതിയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായിരിക്കും.
പോക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള്‍ വരുമ്ബോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മനഃശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നു പറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കണം. രണ്ടു മാസം കൂടുമ്ബോള്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. ലൈംഗികതയെപ്പറ്റി സമൂഹത്തില്‍ തെറ്റായ പല ധാരണകളും നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.