കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകളായിരുന്ന ഏഴ് പേര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്കു കൂടി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ച്‌ നഷ്ട പരിഹാര സമിതിയാണ് ഉത്തരവിറക്കിയത്. മരടിലെ ഹോളിഫെയ്ത്ത് എച്ച്‌ടുഒയിലാണ് ബ്രിട്ടാസിന് ഫ്‌ളാറ്റുണ്ടായിരുന്നത്.
ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ മുന്നില്‍ ഇനി 20 അപേക്ഷകള്‍ കൂടിയാണുള്ളത്. ഇതില്‍ ഏഴെണ്ണത്തില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒമ്ബതെണ്ണത്തില്‍ ആധാരമോ രജിസ്റ്റര്‍ ചെയ്ത മറ്റു രേഖകളോ ഇല്ല. ഇത്തരം കേസുകളില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമിതി നിര്‍ദേശിച്ചു.
നാലെണ്ണം ഫ്ളാറ്റ് നിര്‍മാതാക്കളുടെ കുടുംബാംഗങ്ങള്‍ നല്‍കിയതാണ്. ഇവരെ നോട്ടീസയച്ച്‌ വിളിപ്പിക്കും. ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് നിര്‍മാതാവ് ഇ.എം. ബാബുവിനോട് 11-ാം തീയതി സമിതിക്കു മുമ്ബാകെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇദ്ദേഹം നല്‍കിയ നഷ്ടപരിഹാര അപേക്ഷ സംബന്ധിച്ച രേഖകള്‍ മരട് നഗരസഭാ സെക്രട്ടറി ഹാജരാക്കണം.ഇവിടത്തെ റെസിഡന്‍സ് അസോസിയേഷന്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.