*വാർത്തകൾ*
🗞🏵 *മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നു* . ശരത് പവാര്‍ ദില്ലിയിലെത്തി കണ്ടതിന് പിന്നാലെ സോണിയ സഖ്യത്തിന് വഴങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളെ അമ്പരിപ്പിച്ച് കൊണ്ടാണ് സോണിയ തന്റെ താല്പര്യക്കുറവ് വ്യക്തമാക്കിയത്. ഇതോടെ ശിവസേന ബിജെപി സഖ്യത്തിനൊപ്പം തന്നെ തുടരേണ്ട അവസ്ഥയിലാണ്
🗞🏵 *പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ സമിതി* രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആറുവകുപ്പുകളുടെ സെക്രട്ടറിമാര്‍ സമിതി അംഗങ്ങളാകും
🗞🏵 *ഇന്‍ഫോസിസില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍ ,നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു.* ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ആണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്.
🗞🏵 *തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും ഇപ്പോൾ ജയിലിൽ കഴിയുന്ന വി .കെ ശശികലയുടെ കുടുംബത്തിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന.* ശശികലയുടെ പേരിലുള്ള 1600 കോടി രൂപയുടെ ബെനാമി സ്വത്തുക്കളും അധികൃതർ കണ്ടുകെട്ടി. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. ശശികലയുടെയും കുടുംബത്തിന്റേയും ഉടമസ്ഥതയിലുള്ള മാൾ, പേപ്പർ മിൽ ഉൾപ്പടെ ഒൻപത് വസ്തു വകകളാണ് ഇപ്പോൾ കണ്ടുകെട്ടിയിരിക്കുന്നത്.
🗞🏵 *രാജ്യത്ത് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നു സുപ്രീം കോടതി.* സ്വകാര്യത തീർത്തുമില്ലാത്ത അവസ്ഥയാണോ എന്നും കോടതി ചോദിച്ചു. ഫോണ്‍ ചോർത്തലുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദ്യമുന്നയിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനായ മുകേഷ് ഗുപ്തയ
🗞🏵 *മുൻഗണനേതര സബ്സിഡി ഇല്ലാത്ത വെള്ള കാർഡ് ഉടമകൾക്കു നൽകിവന്ന അരിവിഹിതം വെട്ടിക്കുറച്ചു സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി.* തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടു കിലോയും ബാക്കി ജില്ലകളിൽ അഞ്ചു കിലോയുമാണ് നവംബർ മാസവിഹിതം.
🗞🏵 *സർവകലാശാലകളിൽ പരീക്ഷാഫല പ്രഖ്യാപനത്തിനു ശേഷം മോഡറേഷൻ നൽകുന്ന സന്പ്രദായം(പോസ്റ്റ് മോഡറേഷൻ) തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തുറന്ന ചർച്ചയ്ക്ക് സർക്കാർ തയാറാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ നിയമസഭയെ അറിയിച്ചു.* 2019 ലെ സർവകലാശാല നിയമങ്ങൾ(ഭേദഗതി) ബില്ലുകളിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
🗞🏵 *റിസോഴ്സ് അധ്യാപകരുടെ തസ്തികകൾ സ്ഥിരപ്പെടുത്താനോ വേതനം കൂട്ടാനോ സർക്കാരിനു കഴിയില്ലെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു.* കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന സമഗ്രശിക്ഷാ കേരളം പദ്ധതിയിലാണ് റിസോഴ്സ് അധ്യാപകരുള്ളത്. കേന്ദ്ര മാനദണ്ഡപ്രകാരമേ നിയമനം പാടുള്ളൂ.
🗞🏵 *എറണാകുളം ബസ് ട്രാൻസ്പോർട്ട് അസോസിയേഷന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി.* അനാവശ്യ പരാതി നൽകി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ. മുൻ ആർടിഒ ജോജി പി ജോസിനെതിരെയായിരുന്നു ഹർജി. ആർടിഒ ബസ് ഉടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി.
🗞🏵 *ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മകൾ സനാ ഇൽറ്റിജ ജാവേദ്.* ഓഗസ്റ്റ് മുതൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന മെഹബൂബയെ ഇവിടെനിന്നും മാറ്റണമെന്നും എന്തെങ്കിലും സംഭവിച്ചാൽ സർക്കാർ ഉത്തരവാദിയായിരിക്കുമെന്നും ഇൽറ്റിജ മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയായിരുന്നു ഇൽറ്റിജയുടെ പ്രതികരണം.
🗞🏵 *ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കേന്ദ്രം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടത്തിൽ ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനമായ അമരാവതി രേഖപ്പെടുത്താത്തത് പ്രതിഷേധങ്ങൾക്കു കാരണമാകുന്നു.* നവംബർ 2ന് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഭൂപടം പുറത്തിറക്കിയത്.
🗞🏵 *നിയമലംഘകരെ സഹായിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി പാസ്പോര്‍ട്ട് വിഭാഗം.* ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ഇതിനുള്ള ശിക്ഷ. ഹൂറൂബ് കേസില്‍ പെട്ട വിദേശികള്‍ക്ക് പിന്നീട് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
🗞🏵 *മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് നടൻ ടൊവിനോ തോമസ്.* അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറുമെന്നും ടൊവിനോ പറഞ്ഞു. ഷാർജ പുസ്തക മേളയിൽ നടന്ന ദ് യൂത്ത്സ്റ്റാർ എന്ന പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു ടൊവിനോയുടെ അഭിപ്രായം.
🗞🏵 *ആരോഗ്യ അടിയന്തിരാവസ്ഥ തുടരുന്ന ഡൽഹിയിൽ വായു മലിനീകരണത്തിൽ നേരിയ കുറവ്.* മലിനീകരണ തോത് കുറക്കാൻ ഒറ്റ- ഇരട്ട നമ്പർ പ്രാബല്യത്തിൽ വന്നതും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ആണ് നേരിയ കുറവ് രേഖപ്പെടുത്താൻ കാരണം. മലിനീകരണം രൂക്ഷമായതിനെ തുടർന്ന് നവംബർ 1 ന് അടച്ചിട്ട ഡൽഹിയിലെ സ്കൂളുകൾ ഇന്നലെ തുറന്നു.
🗞🏵 *മുസ്ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.* തീരുമാനത്തിന് പിന്നിൽ പ്രത്യേക കാരണമുണ്ടെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
🗞🏵 *ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദ്ദം.* അടുത്ത 24 മണിക്കൂറിൽ ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. വ്യാഴാഴ്ച കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
🗞🏵 *ജമ്മുകശ്മീരിൽ കുട്ടികളെ കരുതൽ തടങ്കലിൽ ആക്കിയെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സുപ്രിം കോടതി.* ജമ്മുകശ്മീർ ഹൈക്കോടതിയിലെ നാല് സിറ്റിങ് ജഡ്ജിമാർ ഉൾപ്പെട്ട ജുവനൈൽ ജസ്റ്റിസ് സമിതി ഇത് അന്വേഷിക്കണം. വാദം പറയാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു.
🗞🏵 *മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്കാരം പിതാവിന്റെ പേരിലാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പുലിവാല് പിടിച്ചു.* ജഗൻ മോഹന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഡോ. എ പി ജെ അബ്ദുൾ കലാം പ്രതിഭ വിദ്യാ പുരസ്കാർ, വൈ എസ് ആർ വിദ്യാ പുരസ്കാർ എന്ന പേരിലാക്കിയതാണ് വിവാദത്തിലായത്. പുരസ്കാരത്തിന്റെ പേര് മാറ്റിയ വിവരം അറിയിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു.
🗞🏵 *വ്യാജ ലോട്ടറി ടിക്കറ്റുകൾ നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി സർക്കാർ.* ലോട്ടറി ടിക്കറ്റുകളിൽ ക്യുആർ കോഡ് ഉൾപ്പെടുത്താനാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. ജനുവരിയിൽ പുതിയ ലോട്ടറി ടിക്കറ്റ് സർക്കാർ വിപണിയിലിറക്കും.
🗞🏵 *കൂടത്തായി കേസിൽ പൊന്നാമറ്റം വീട്ടിലെ അലമാരയിൽനിന്ന് കണ്ടെടുത്ത മുഖ്യപ്രതി ജോളിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉടമകളെ അന്വേഷണസംഘം ചോദ്യം ചെയ്യും.*
🗞🏵 *പാർട്ടി യോഗങ്ങളിൽ മൊബൈൽ ഫോണിനു വിലക്കേർപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.* വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളിൽ മൊബൈൽ ഫോണിനു വിലക്കേർപ്പെടുത്തിയത്.
🗞🏵 *യുഎപിഎ നിയമഭേദഗതിക്കെതിരായ പോരാട്ടം സിപിഎം തുടരുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.* രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വിരുദ്ധവും സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ ഇല്ലാതാക്കുന്നതുമായ നിയമഭേദഗതിയാണ് നടപ്പാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🗞🏵 *സിറിയയിലെ ബാരിഷ ഗ്രാമത്തിൽ യുഎസ് ഡെൽറ്റാഫോഴ്സ് നടത്തിയ ആക്രമണത്തിനിടയിൽ ശനിയാഴ്ച രാത്രി സ്വയം പൊട്ടിത്തെറിച്ചു ജീവനൊടുക്കിയ ഐഎസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി പിടിപ്പെട്ടെന്ന് റിപ്പോർട്ട്.* ബാഗ്ദാദിയുടെ മൂത്ത സഹോദരിയായ 65 കാരി റസ്മാനിയ പിടിയിലായെന്ന് ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.
🗞🏵 *അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ സിപിഐ ആരോപണങ്ങൾക്കു മറുപടിയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി.* മാവോയിസ്റ്റ് ഭീകരതയെ നിസാരവൽക്കരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നാണു മുഖപത്രത്തിലെ വിമർശനം.
🗞🏵 *മാവോയിസ്റ്റുകൾക്കെതിരായ തണ്ടർബോൾട്ട്-പോലീസ് നടപടികളെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്.* സേനയെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ലെന്നും മാവോയിസ്റ്റുകൾക്കു മനുഷ്യാവകാശത്തിന് അർഹതയില്ലെന്നും ടോം ജോസ് പറഞ്ഞു.
🗞🏵 *മരടിലെ അനധികൃത ഫ്ലാറ്റുകളിലെ ഏഴു ഉടമകൾക്ക് കൂടി 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ശിപാർശ.* മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് അടക്കമുള്ളവർക്കാണ് ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായർ സമിതി നഷ്ടപരിഹാരത്തിനു ശിപാർശ ചെയ്തത്. ഇതോടെ 227 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി ആയി.
🗞🏵 *പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ മജിസ്റ്റീരിയിൽ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെട്ടുള്ള സിപിഐ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.*
🗞🏵 *മ്യാൻമറിൽ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരൻ മരിച്ചു.* കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന വിനു ഗോപാലാണു മരിച്ചതെന്നു സർക്കാരും വിഘടനവാദികളും തിങ്കളാഴ്ച അറിയിച്ചു.
🗞🏵 *വാളയാറിൽ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസിലെ പ്രതികൾക്കു സിപിഎം ബന്ധം ബന്ധമുണ്ടെന്ന് ആവർത്തിച്ചു പെണ്‍കുട്ടികളുടെ അമ്മ.* ഇക്കാര്യം തന്നെകൊണ്ട് ആരും പറയിച്ചതല്ലെന്നും പാർട്ടിക്കാരോടൊപ്പം പ്രതികളെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
🗞🏵 *വാളയാർ കേസ് വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം.* അടിയന്തര പ്രമേയത്തിനു നോട്ടീസ് നിഷേധിച്ചതിൽ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
🗞🏵 *കോപ്പിയടിച്ചെങ്കിൽ അതു തന്റെ കഴിവാണെന്നു പിഎസ്സി പരീക്ഷാ തട്ടിപ്പുകേസിൽ അറസ്റ്റിലായ നസീം.* ഫേസ്ബുക്കിൽ പുതിയ ചിത്രം അപ്ഡേറ്റ് ചെയ്തതിന് ഒരാൾ നൽകിയ കമന്റിനുള്ള മറുപടിയിലാണു നസീം ഇത്തരത്തിൽ പരാമർശം നടത്തിയത്.
🗞🏵 *മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കൾക്കെതിരായ കേസ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.* എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
🗞🏵 *സ്കൂൾ കാന്റീനിലും 50 മീറ്റർ ചുറ്റുവട്ടത്തും ജങ്ക് ഫുഡുകൾ നിരോധിച്ചു.* സ്കൂൾ ഹോസ്റ്റലുകളിലെ മെസുകളിലും ഇനി ജങ്ക് ഫുഡ് വിതരണം ചെയ്യാൻ പാടില്ല. ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്.
🗞🏵 *ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ പോലീസും അഭിഭാഷകരും തമ്മിലുള്ള സംഘർഷത്തിൽ അപ്രതീക്ഷിത പ്രതിഷേധം.* കോടതിയിൽ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ പോലീസുകാർ പണിമുടക്കി തെരുവിലിറങ്ങി. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തിൽനിന്നു പിൻമാറില്ലെന്ന് പ്രഖ്യാപിച്ചാണു പോലീസുകാരുടെ സമരം.
🗞🏵 *മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽനിന്ന് ആയിരിക്കുമെന്ന് ആവർത്തിച്ച് പാർട്ടി വക്താവ് സഞ്ജയ് റൗത്ത്.* സർക്കാർ രൂപീകരണം സംബന്ധിച്ചു ബിജെപിയുമായി തർക്കം തുടരുന്നതിനിടെയാണു വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കി സേനാ നേതൃത്വം രംഗത്തെത്തിയത്.
🗞🏵 *നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ട്, അതുകൊണ്ടാണു പശുവിൻ പാലിനു സ്വർണ നിറമുള്ളത്..!* പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെയാണ് ഈ വിചിത്രവാദം. നാടൻ പശു മാത്രമാണു മാതാവെന്നും വിദേശ പശു മാതാവല്ലെന്നും ബിജെപി നേതാവ് പറയുന്നു.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ചാവേർ ബോംബ് ഭീഷണി മുഴക്കിയ പാക്കിസ്ഥാനി ഗായിക റാബി പിർസാദ വിനോദ വ്യവസായം ഉപേക്ഷിച്ചു.* പിർസാദയുടെ നഗ്ന ചിത്രങ്ങൾ ഓണ്‍ലൈനിൽ ചോർന്നതിനു പിന്നാലെയാണ് “ഷോ ബിസ്’ വിടുകയാണെന്നു പിർസാദ പറഞ്ഞത്. തന്റെ തെറ്റുകൾ അള്ളാഹു പൊറുക്കട്ടെയെന്നും ആളുകൾ തന്നോടു വിരോധം കാട്ടരുതെന്നും ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ പിർസാദ പറഞ്ഞു.
🗞🏵 *പി.എസ്.ശ്രീധരൻപിള്ള മിസോറാം ഗർണറായി ചുമതലയേറ്റു.* ഐസ്വാൾ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗോഹട്ടി ചീഫ് ജസ്റ്റീസ് അജയ് ലാംബ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രീധരൻപിള്ളയുടെ കുടുംബവും ചടങ്ങിൽ സന്നിഹിതരായിരുന്നു.
🗞🏵 *കോഴിക്കോട് അറസ്റ്റിലായ വിദ്യാർഥികൾ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പോലീസ്.* ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുന്നതാണ് എഫ്ഐആർ.
🗞🏵 *സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും വിലക്കി ഉത്തരവ്.* പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലാണ് ഉത്തരവിറക്കിയത്. പ്രവൃത്തി സമയങ്ങളിൽ അധ്യാപകർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
🗞🏵 *അട്ടപ്പാടിയിൽ തണ്ടർബോൾട്ട് വെടിവച്ചു കൊന്ന രണ്ട് മാവോയിസ്റ്റുകളുടെ സംസ്കാരം ഹൈക്കോടതി തടഞ്ഞു.* മാവോയിസ്റ്റ് നേതാവ് മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതാണു കോടതി തടഞ്ഞത്.
🗞🏵 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വണ്ടിച്ചെക്കുകളുടെ പ്രവാഹം.* 2018 പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയ ചെക്കുകളിൽ 578 ചെക്കുകളാണു മടങ്ങിയതെന്നു ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു.
🗞🏵 *കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടേയും മൃതദേഹങ്ങൾ അഴുകി പുഴുവരിച്ച നിലയിൽ.* അസഹ്യമായ ദുർഗന്ധവും മൃതദേഹങ്ങളിൽ നിന്ന് വമിക്കുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ശീതീകരണ മുറിയിൽ ഇനിയും മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു.
🍏🍏🍏🍏🍏🍏🍏🍏🍏🍏🍏
*ഇന്നത്തെ വചനം*
അതിനുശേഷം അവര്‍ ഗലീലിക്ക് എതിരേയുള്ള ഗരസേനരുടെ നാട്ടില്‍ എത്തിച്ചേര്‍ന്നു.
അവന് കരയ്ക്കിറങ്ങിയപ്പോള് പിശാചുബാധയുള്ള ഒരുവന് ആ പട്ടണത്തില്‍നിന്ന് അവനെ സമീപിച്ചു. വളരെ കാലമായി അവന് വസ്ത്രം ധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, ശവക്കല്ലറകളിലാണ് അവന് കഴിഞ്ഞുകൂടിയിരുന്നത്.
യേശുവിനെ കണ്ടപ്പോള്‍ അവന് നിലവിളിച്ചുകൊണ്ട് അവന്‍െറ മുമ്പില്‍ വീണ് ഉറക്കെപ്പറഞ്ഞു: യേശുവേ, അത്യുന്നതനായ ദൈവത്തിന്‍െറ പുത്രാ, നീ എന്തിന് എന്‍െറ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന് ഞാന്‍ നിന്നോടപേക്ഷിക്കുന്നു.
എന്തെന്നാല്‍, അവനില്‍നിന്നു പുറത്തുപോകാന്‍ അശുദ്ധാത്മാവിനോട് യേശു കല്പിച്ചു. പലപ്പോഴും അശുദ്ധാത്മാവ് അവനെ പിടികൂടിയിരുന്നു. ചങ്ങല കളും കാല്‍വിലങ്ങുകളുംകൊണ്ടു ബന്ധിച്ചാണ് അവനെ സൂക്ഷിച്ചിരുന്നത്. എന്നാല്‍, അവന് അതെല്ലാം തകര്‍ക്കുകയും വിജനസ്ഥലത്തേക്കു പിശാച് അവനെകൊണ്ടുപോവുകയും ചെയ്യുമായിരുന്നു.
യേശു അവനോട് നിന്‍െറ പേരെന്ത് എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന് അവന് പറഞ്ഞു. എന്തെന്നാല്‍, അനേകം പിശാചുക്കള്‍ അവനില്‍ പ്രവേശിച്ചിരുന്നു.
പാതാളത്തിലേക്കു പോകാന്‍ തങ്ങളോടു കല്പിക്കരുതെന്ന് ആ പിശാചുക്കള്‍ അവനോടുയാചിച്ചു.
വലിയ ഒരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു മേയുന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നു പിശാചുക്കള്‍ അപേക്ഷിച്ചു. അവന് അനുവദിച്ചു.
അപ്പോള്‍ അവ ആ മനുഷ്യനെവിട്ട് പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന് മുങ്ങിച്ചത്തു.
ലൂക്കാ 8 : 26-33
🍏🍏🍏🍏🍏🍏🍏🍏🍏🍏🍏
*വചന വിചിന്തനം*
പിശാചുബാധിതനെ സുഖപ്പെടുത്തുന്ന ഈശോ
യാക്കോ 1: 19-25
ലൂക്കാ 8: 26-39
വചനം അനുസരിച്ച് ജീവിക്കുവാൻ തക്കവിധം എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുന്ന ഈശോ. രോഗം, മരണം, പിശാച്, എന്നിവയുടെ മേൽ അധികാരമുള്ള കർത്താവ് എന്നെ എല്ലാറ്റിലും നിന്ന് സ്വതന്ത്രമാക്കുന്നു. ഇങ്ങനെ കർത്താവിനാൽ സ്വാതന്ത്രനാകുന്ന വ്യക്തി
കർത്താവിന്റെ വചനം കേൾക്കുക മാത്രമല്ല
അത് അനുവർത്തിക്കുകയും ചെയ്യുന്നവരാകണമെന്ന് യാക്കോബ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു. കേൾക്കുന്നതിൽ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതിൽ മന്ദഗതിക്കാരും ആയിരിക്കണം നാം. കർത്താവിന്റെ വചനത്തിൽ ഉറച്ചു നിൽക്കുന്നവൻ തന്റെ പ്രവൃത്തികളിൽ അനുഗൃഹീതനാകും. അതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ആമ്മേൻ…
🍏🍏🍏🍏🍏🍏🍏🍏🍏🍏🍏
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*