ക്രൈസ്തവസന്യാസത്തെക്കുറിച്ച് സംസാരിക്കാന്‍ ഒട്ടും അനുയോജ്യയായ ആളല്ല ഞാന്‍. സന്യാസസമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയ ഒരാള്‍ സന്യാസത്തെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് ശരിയാവുക? ഏതാനും മാസങ്ങള്‍ മാത്രം ഒരു സന്യാസസമൂഹത്തില്‍ ജീവിക്കുകയും അതിനുശേഷം തോന്ന്യവാസം ഇറങ്ങിപ്പുറപ്പെടുകയും ലോകമേ തറവാട് എന്ന മട്ടില്‍ അലഞ്ഞുതിരിയുകയും ചെയ്തയാള്‍ക്ക് ക്രൈസ്തവസന്യാസത്തിന്‍റെ ശൈലീകൃതമായ ജീവിതശൈലിയെക്കുറിച്ച് ചിന്തിക്കാനാകുമോ എന്നുപോലും ഒരുപക്ഷേ, നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍, തികച്ചും വ്യക്തിപരമായ ഉള്‍വിളിയുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവസന്യാസത്തിന്‍റെ സുരക്ഷിതത്വങ്ങളെ ഉപേക്ഷിച്ച മേഴ്സി മാത്യു ഇന്ന് ദയാബായി ആയിരിക്കുന്നത് ആ സന്യാസസമൂഹത്തിലെ പരിശീലനകാലയളവില്‍ പകര്‍ന്നുകിട്ടിയ അഗ്നി – ദൈവസ്നേഹത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും അഗ്നി – ഊതിയൂതി ജ്വലിപ്പിച്ചെടുത്തുകൊണ്ടാണ്.
എന്‍റെ ബാല്യത്തിന്‍റെ ആത്മീയചിന്തയില്‍ എങ്ങനെയോ കയറിപ്പറ്റിയ ഒരു ചിത്രം ചാട്ടവാറെടുത്ത ചെറുപ്പക്കാരന്‍ ക്രിസ്തു ദേവാലയമന്ദിരം ശുദ്ധീകരിക്കുന്ന രംഗമാണ്. ഈശോ ദോഷം ചെയ്തോ എന്ന ബാലിശമായ ചിന്തയുമായി ചെന്നപ്പോള്‍, പ്രാര്‍ത്ഥനയൊക്കെ ചൊല്ലേണ്ട സ്ഥലം വൃത്തികേടാക്കിയതുകൊണ്ട് അവിടം ശുദ്ധമാക്കാനാണ് ഈശോ അങ്ങനെ ചെയ്തത് എന്നാണ് അന്ന് പപ്പാ പറഞ്ഞുതന്നത്. പിന്നീട് ആദ്യകുര്‍ബാനസ്വീകരണത്തിന് ഒരുങ്ങിയപ്പോള്‍ ആദ്യമായി എഴുന്നള്ളി വരുന്ന ഈശോയോട് എല്ലാം പറയണമെന്ന് പഠിപ്പിച്ചതനുസരിച്ച് പറഞ്ഞത് ഇതായിരുന്നു: “എനിക്കിഷ്ടായി കേട്ടോ… അതുപോലത്തെ മൂച്ചും ചൊണയുമൊക്കെ എനിക്കും തരണം. ഞാനും കാണിച്ചു തരാം”. മുഖം കുനിച്ച് അതു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ കയിലിരുന്ന മെഴുകുതിരിയില്‍ നിന്ന് മുടിയിലേക്കും വസ്ത്രത്തിലേക്കും തീ പടര്‍ന്നുപിടിച്ചു. എല്ലാവരും അന്ന് പേടിക്കുകയും വഴക്കുപറയുകയുമൊക്കെ ചെയ്തെങ്കിലും അയാളോട് ആദ്യമായി സംസാരിച്ചപ്പോള്‍ ആളിപ്പടര്‍ന്ന ആ തീയും ഇന്ന് എന്നില്‍ ശേഷിക്കുന്നുണ്ട്. അന്ന് പ്രാര്‍ത്ഥിച്ച ആ പ്രാര്‍ത്ഥന അയാള്‍ കേട്ടതിന്‍റെ തെളിവാണ് ഇന്നത്തെ ദയാബായിയുടെ ജീവിതം.
സ്വാതന്ത്ര്യസമരത്തിന്‍റെയൊക്കെ കാലം അവസാനിക്കുകയും വീരകൃത്യങ്ങള്‍ക്ക് സാമൂഹ്യസാഹചര്യങ്ങള്‍ ഇല്ലാതാവുകയും ചെയ്തപ്പോഴാണ് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സന്യാസജീവിതം സഹായമാകുമെന്ന ചിന്തയോടെ ഞാന്‍ മഠത്തില്‍ ചേരുന്നത്. എന്നാല്‍ ചേര്‍ന്ന് നാളുകള്‍ക്കുള്ളില്‍ ഇതല്ല എന്‍റെ ദൈവവിളിയെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. മഠത്തിന്‍റെ സുരക്ഷിതത്വവും സൗകര്യങ്ങളുമല്ല എനിക്കുവേണ്ടതെന്ന ശക്തമായ ഉള്‍വിളിയാണ് ക്രമേണ ഹോളി സ്പിരിറ്റ് സന്യാസസമൂഹത്തോടെ വിടപറയാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ നാളുകളില്‍ പ്രേഷിതകേരളം എന്ന മാസികയില്‍ വന്ന ഒരു പാട്ട് വല്ലാതെ എന്നെ സ്വാധീനിക്കുകയും ചെയ്തു. അതിങ്ങനെയാണ്:
“കാറ്റും മഴയും വെയിലും മഞ്ഞും
കൂട്ടാക്കാതെയിതാരോ
കൂട്ടാക്കാതെയിതാരാരോ…”
ഈ വാക്കുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഞാന്‍ തിരഞ്ഞെടുത്തതല്ല എന്‍റെ ദൈവവിളിയെന്ന് മനസ്സിലായ നാള്‍ മുതല്‍ ഓരോ മാസവും ഞാന്‍ മിസ്ട്രസ്സിന്‍റെ അടുക്കല്‍ ചെന്ന് ഇക്കാര്യം സംസാരിച്ചിരുന്നു. പിന്നീട് പഠിക്കാനൊക്കെ വിട്ടു. എനിക്കിപ്പോഴും എന്‍റെ പഴയ സന്ന്യാസസമൂഹത്തോട് വലിയ ഇഷ്ടമാണ്. ആ സന്യാസസമൂഹത്തിന്‍റെ സവിശേഷമായ സിദ്ധി (carism) Need of the time is the will of God എന്നതാണ്. ഞാന്‍ ജീവിക്കുന്ന ജീവിതം ഈ സിദ്ധിയോട് വളരെ ചേര്‍ന്ന ഒരു ജീവിതവുമാണ്. മദ്ധ്യപ്രദേശിലെ ആദിവാസികളോടൊപ്പം വര്‍ഷങ്ങളോളം ജീവിച്ചത് അവിടെ ആ കാലഘട്ടത്തിന്‍റെ ആവശ്യമായിരുന്നു. ഈ നാളുകളില്‍ കാസര്‍ഗോഡ് പ്രദേശത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടു കൂടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതാണ് ഇപ്പോള്‍ ഈ സമയത്തിന്‍റെ ആവശ്യം. മഠത്തിലായിരുന്ന കാലത്ത് 365 ദിവസങ്ങള്‍ നൊവിഷ്യേറ്റ് കാലയളവ് നിയമപരമായിത്തന്നെ പൂര്‍ത്തിയാക്കിയ ആളാണ് ഞാന്‍. ഒപ്പം ആ സന്യാസസമൂഹത്തിന്‍റെ സിദ്ധിക്കനുസൃതം ജീവിക്കുന്ന വ്യക്തിയും. ഇക്കാരണങ്ങള്‍കൊണ്ടു തന്നെ ഞാന്‍ ജീവിക്കുന്നത് സന്ന്യാസജീവിതം തന്നെയാണ്.
സന്യാസജീവിതം പീഠനമാണെന്നും മഠങ്ങള്‍ മുഴുവന്‍ കണ്ണീരാണെന്നുമൊക്കെ പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആരെയാണ് നിര്‍ബന്ധിക്കാറുള്ളത്? വ്രതങ്ങളെടുക്കുന്നത് പോലും പ്രായപൂര്‍ത്തിയായ ശേഷം മാത്രമാണ്. പക്വതയെത്തിയ ശേഷം നടത്തുന്ന ഒരു തിരഞ്ഞെടുപ്പാണത്. അതെങ്ങനെയാണ് പീഡനമാകുന്നത്? മാത്രവുമല്ല, സമൂഹമായി എവിടെ ജീവിച്ചാലും ചില ചിട്ടകളൊക്കെ നാം പാലിക്കേണ്ടതായിട്ടുണ്ട്. ചിട്ടകളില്ലാത്തിടത്ത് നിലനില്‍ക്കുന്ന അരാജകത്വം ആര്‍ക്കാണ് ആസ്വദിക്കാന്‍ കഴിയുക? ചിട്ടകളും ചട്ടക്കൂടുകളും സംസ്കാരമുള്ള ഒരു സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. അവയോട് യോജിക്കാന്‍ കഴിയാത്തവര്‍ പുറത്തുപോകാനുള്ള ആര്‍ജ്ജവത്വം കാണിക്കുകയാണ് ചെയ്യേണ്ടത്, അല്ലാതെ അതിനെ വെല്ലുവിളിച്ച് അവിടെ ജീവിക്കുന്നവരുടെ ജീവിതം കൂടി അസ്വസ്ഥമാക്കുകയല്ല വേണ്ടത്.
മഠങ്ങള്‍ കണ്ണീരിന്‍റെ ഇടങ്ങളല്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. അത് പരസ്പരബന്ധം കൊണ്ട് നമ്മെ വളര്‍ത്തുന്ന ഒന്നാണ്. സന്യാസം Torturing അല്ല Nurturing ആണ്.