തിരുവനന്തപുരം: പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പുകേസില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ പ്രവീണ്‍ സിജെഎം കോടതിയില്‍ കീഴടങ്ങി. പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിനും രണ്ടാം റാങ്കുകാരനായ പ്രണവിനും 28-ാം റാങ്കുകാരനായ നസീമിനും വേണ്ടി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സുഹൃത്തായ പ്രവീണ്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഫോണുമായി കണക്‌ട് ചെയ്ത സ്മാര്‍ട് വാച്ചിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്നു ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. പരീക്ഷ നടക്കുമ്ബോള്‍ പ്രതികളുടെ ഫോണിലേക്ക് നിരന്തരം മെസേജുകള്‍ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോപ്പിയടിക്കാന്‍ സ്മാര്‍ട് വാച്ച്‌ ഉപയോഗിച്ചെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രവീണിനെ ചോദ്യം ചെയ്താല്‍ മാത്രമെ കോപ്പിയടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.
യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിനു പിന്നാലെയാണ് പി.എസ്.സി പരീക്ഷാ തട്ടിപ്പും പുറത്തായത്. കുത്തുകേസില്‍ അറസ്റ്റിലായ പ്രതികള്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത് വിവാദമായതിനു പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.