ദാമന്‍: യുവതിയുമൊത്തുള്ള നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ദാമന്‍-ദിയു ബിജെപി അധ്യക്ഷനും മുന്‍ ലോക്‌സഭാ അംഗവുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് ഗോപാല്‍ രാജിക്കത്തു സമര്‍പ്പിച്ചത്. ഇത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വസുഭായ് പട്ടേല്‍ സ്ഥിരീകരിച്ചു. ദാമന്‍- ദിയു ബിജെപി അധ്യക്ഷനായി ഗോപാലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണു വിവാദവും രാജിയും. അറുപത്തിയഞ്ചുകാരനായ ഗോപാല്‍ നാലു വര്‍ഷം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. അതിനു മുന്‍പ് കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കള്‍ തന്നെയാണു വിഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാല്‍ പറയുന്നു. ഒരു യുവതിക്കൊപ്പം ഗോപാലുമായി മുഖസാദൃശ്യമുള്ള വ്യക്തി ഇടപഴകുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. വിഡിയോ വ്യാജമാണെന്നു കാണിച്ച്‌ ഗോപാല്‍ ശനിയാഴ്ച തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു. താന്‍ ബി.ജെ.പി പ്രസിഡന്റായി തുടരുന്നതില്‍ എതിര്‍പ്പുള്ള വ്യക്തികളാണ് കൃത്രിമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗോപാല്‍ ടന്‍ഡേല്‍ പ്രതികരിച്ചു. ദാമന്‍-ദിയുവിലും ഗുജറാത്തിലും വ്യാപകമായി പ്രചരിച്ച വീഡിയോ പാര്‍ട്ടിയില്‍ വലിയ കലാപങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദാമന്‍-ദിയു ഘടകത്തിന്റെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് നിലവിലെ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടന്‍ഡേലിന്റേതെന്ന് സംശയിക്കുന്ന നഗ്ന വീഡിയോ പ്രചരിച്ചത്.നിക്ഷിപ്ത താല്‍പര്യമുള്ള വ്യക്തികള്‍ വീഡിയോയില്‍ തന്റെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നാണ് ഗോപാല്‍ ടന്‍ഡേലിന്റെ വാദം.