തലശ്ശേരി:പ്രതീക്ഷ മാനേജിങ് കമ്മിറ്റിയും ചികിത്സാ കേന്ദ്രവും സംയുക്തമായി ഏർപ്പെടുത്തിയ പ്രതീക്ഷ 2019 അവാർഡിന് മാത്യു എം കണ്ടത്തിൽ അർഹനായി.മഹാത്മാഗാന്ധിയുടെ 150 ആം ജന്മ വാർഷികത്തിൽ അർഹതപ്പെട്ട ഉപഹാരമാണ് തികഞ്ഞ ഗാന്ധിയനായ സാറിന് ഈ അവാർഡ്.
സാമൂഹ്യപാഠം അധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു 85 ആം വയസ്സിലും സമൂഹത്തിനുവേണ്ടിയും സാമൂഹ്യതിന്മകൾക്കെതിരെയും പോരാടുന്ന പരിശ്രമശാലി ആയ ഒരു ജനകീയ നേതാവാണ് മാത്യു.കേരളത്തിലെ തന്നെ മദ്യനിരോധന പ്രസ്ഥാനത്തിൻറെ തലമുതിർന്ന നേതാവ്, കർഷക പ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും മുന്നണിപ്പോരാളി, പ്രൊഫസർ എം പി മന്മഥൻ, ഐ കെ കുമാരൻ മാസ്റ്റർ, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, ഫാദർ വടക്കൻ എന്നിവർക്കൊപ്പം പ്രവർത്തിച്ച സമരവീര്യവും കർഷക സ്നേഹവും മദ്യ വിരുദ്ധ പ്രവർത്തന ആവേശവും നെഞ്ചിലേറ്റിയ നേതാവാണ് മാത്യൂ.

കേരള മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ, കണ്ണൂർ മഹാത്മ മന്ദിരം ഡയറക്ടർ ബോർഡ് അംഗം, 1978 മുതൽ തലശ്ശേരി അതിരൂപത മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ നേതാവ്, പ്രതീക്ഷ സ്ഥാപനത്തിന്റെ ഏറ്റവും അടുത്ത സഹകാരി, കെസിബിസി മദ്യവിരുദ്ധ സമിതി പ്രവർത്തകൻ, വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിലെ കറകളഞ്ഞ നേതൃത്വം, മികച്ച പ്രാസംഗികൻ, സംഘാടകൻ, എന്നീ നിലകളിലുള്ള സംഭാവനകൾ അതുല്യമാണ്. ഇരുപതിലധികം പുരസ്കാരങ്ങൾ കരിക്കോട്ടക്കരി സ്വദേശിയായ മാത്യു എം കണ്ടത്തലിന് നൽകപ്പെട്ടിട്ടുണ്ട്.
പ്രതീക്ഷ സമഗ്ര ലഹരിവിമോചന പുനരധിവാസ ചികിത്സാകേന്ദ്രത്തിന്റെ മുപ്പത്തിയാറാം വാർഷികത്തോടനുബന്ധിച്ച് നവംബർ രണ്ടിന് ഞായറാഴ്ച പ്രതീക്ഷ യിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ജില്ലാ കളക്ടർ പുരസ്കാരവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് സമ്മാനിക്കും.