ന്യൂയോർക്ക്: ആഗോള സഭ ചരിത്രത്തിൽ നിർണ്ണായക ശബ്ദമായി മാറിയ എമിരിറ്റസ് ബനഡിക്ട് പാപ്പയുടെയും ഫ്രാൻസിസ് പാപ്പയുടെയും ജീവിത കഥ പറയുന്ന ചലച്ചിത്രം ‘ദ റ്റു പോപ്പ്‌സ്’ ഈ മാസാവസാനം തീയറ്ററുകളിലേക്ക്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നവംബർ 27നാണ് തീയറ്ററുകളിലെത്തുക. 27നു അമേരിക്കയിലും 29നു യുകെയിലും ചിത്രം റിലീസ് ചെയ്യും. ഡിസംബർ 20 മുതൽ ഓൺലൈൻ സ്‌ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സിലും ചിത്രം ലഭ്യമാകും.
ഫ്രാൻസിസ് പാപ്പയുടെയും എമിരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിന്തകളും ആശയങ്ങളും പെരുമാറ്റരീതികളും ഇരുവരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പരസ്പര ബഹുമാനവും ചിത്രീകരിച്ചിരിക്കുന്ന സിനിമ ചലച്ചിത്ര പ്രേമികളുടെ മനം കവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂസിലൻഡിൽ നിന്നുള്ള നോവലിസ്റ്റും സിനിമാ നിർമ്മാതാവുമായ ആന്റണി മാക്കാർത്തൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ബ്രസീലിൽ നിന്നുള്ള ഫെർണാണ്ടോ മെയ്‌റലസാണ് സംവിധാനം ചെയ്തിരിക്കുന്നത്.