മനുഷ്യാന്തസ്സു മാനിക്കുക എന്നത് എവിടെയും എപ്പോഴും പാലിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്ത്വമാണെന്ന് സൈനികരുടെ ശുശ്രൂഷകരായ വൈദികരോട്…
എതിരാളിയാണെങ്കിലും വ്യക്തിയാണ്!
ഒക്ടോബര്‍ 31-Ɔο തിയതി വ്യാഴാഴ്ച രാവിലെ സൈനികരുടെ അജപാലന ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവരുടെ (Military chaplains) 5-Ɔമത് രാജ്യാന്തര സംഗമത്തെ വത്തിക്കാനിലെ കൂടിക്കാഴ്ചയില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. കീറിമുറിക്കുന്ന യുദ്ധത്തിന്‍റ തീവ്രമായ ചുറ്റുപാടുകളില്‍ എതിരാളികളായിട്ടാണ് വ്യക്തികള്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും അവരുടെ ജീവിതങ്ങള്‍ പവിത്രവും അന്തസ്സുള്ളതുമാണ്. അപരന്‍ ശത്രുവാണെങ്കിലും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനും അന്തസ്സുള്ള വ്യക്തിയുമാകയാല്‍ നശിപ്പിക്കപ്പെടേണ്ട വസ്തുവായി കാണരുത്. മറിച്ച് ആദരിക്കേണ്ട ജീവനായി കാണണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
വ്രണിതമെങ്കിലും മാനിക്കപ്പെടേണ്ട വ്യക്തി സ്വാതന്ത്ര്യം
സായുധ പോരാട്ടത്തിന്‍റെ സംഘര്‍ഷ പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ ബന്ധികളാക്കപ്പെടുന്നവരുടെ പോലും വ്യക്തിസ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്നു പാപ്പാ പ്രസ്താവിച്ചു. അവര്‍ ശത്രുവെന്ന നിലയില്‍ ബന്ധനസ്ഥരാണെങ്കിലും, വ്രണിതാക്കളായവരുടെ അടിസ്ഥാന അവകാശങ്ങള്‍ മാനിക്കാതെ പീഡനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെടുന്ന സംഭവങ്ങള്‍ അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വ്രണിതാക്കളും ബന്ധികളുമാക്കപ്പെട്ടവരെ അമാനുഷികമായ സാഹചര്യങ്ങളില്‍ പാര്‍പ്പിക്കുകയും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയുംചെയ്യുന്നത് എല്ലാവിധത്തിലുമുള്ള മനുഷ്യാവകാശ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ മാനിക്കപ്പെടേണ്ട മനുഷ്യാവകാശ നിയമങ്ങള്‍
യുദ്ധത്തിന്‍റെയും സംഘര്‍ഷങ്ങളുടെയും ചുറ്റുപാടുകളില്‍നിന്ന് സാധാരണ പൗരന്മാരെ തട്ടിക്കൊണ്ടുപോവുകയും ചൂഷണങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ നിര്‍ദ്ദോഷികളായ സന്ന്യസ്തരും, സഭാപ്രവര്‍ത്തകരും, രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരുമുണ്ട്. ഇക്കൂട്ടരെ തട്ടിക്കൊണ്ടു പോവുകയും, അപ്രത്യക്ഷമാവുകയുംചെയ്ത സംഭവങ്ങള്‍ ധാരാളമാണ്. സായുധപോരാട്ടങ്ങളുടെ ചുറ്റുപാടില്‍ മനുഷ്യാവകാശ നിയമങ്ങള്‍ കാര്‍ക്കശ്യത്തോടെ മാനിക്കപ്പെടേണ്ടതാണ്. കുറ്റവാളികളായി ബന്ധനത്തില്‍ കഴിയുന്നവരുടെ കാര്യത്തിലും മനുഷ്യാവകാശ നിയമങ്ങള്‍ ഒരുപോലെ ബാധകമാണ്. മനുഷ്യാന്തസ്സിനോടുള്ള ആദരവും വ്യക്തിയുടെ ശാരീരിക സമഗ്രതയും അവരുടെ പ്രവര്‍ത്തികളെ ആശ്രയിച്ചല്ല വിലയിരുത്തേണ്ടത്. അതെന്നും എവിടെയും സമൂഹം മാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ട ധാര്‍മ്മിക ഉത്തരവാദിത്ത്വമാണെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി.
മനുഷ്യാവകാശത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്ത്വം
“ഞാന്‍ കാരാഗൃഹത്തിലായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ സന്ദര്‍ശിക്കാന്‍ വന്നു,” എന്ന സുവിശേഷവചനം പാപ്പാ പ്രഭാഷണത്തില്‍ ഉദ്ധരിച്ചു (മത്തായി 25, 36). സൈനികരെ അവരുടെ ഉത്തരവാദിത്വത്തിന്‍റെ മേഖലകളില്‍ മനുഷ്യാവകാശത്തിന്‍റെ പാഠങ്ങള്‍ പാലിക്കാന്‍ അനുസ്മരിപ്പിക്കാനുള്ള ധാര്‍മ്മിക ചുമതല മിലിട്ടറിയുടെ അജപാലന ശുശ്രൂഷകരുടേതാണെന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രസ്താവിച്ചു. അജപാലകര്‍ മനുഷ്യരുടെയും അവരുടെ അവകാശങ്ങളുടെയും സംരക്ഷകരും അദ്ധ്യാപകരുമാണ്. അതിനാല്‍ അവര്‍ മനുഷ്യാവകാശ ലംഘനം തടയേണ്ടവരെന്നല്ല, മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചുള്ള അറിവ് എവിടെയും, പ്രത്യേകിച്ച് സംഘര്‍ഷപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും, പഠിപ്പിക്കുവാനുമുള്ള വലിയ ഉത്തരവാദിത്ത്വം അവരുടെ സേനവത്തിന്‍റെ സ്വഭാവത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നു അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
ഒരു നവീകരണ പരിപാടി
സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘമാണ് കത്തോലിക്കരായ മിലട്ടറി ചാപ്ളിന്‍മാരുടെ രാജ്യാന്തര സംഗമം വിളിച്ചുകൂട്ടിയത്. രണ്ടു വര്‍ഷം കൂടുമ്പോഴുള്ള നവീകരണ – രൂപീകരണ പരിപാടിയുടെ ഭാഗമായിട്ടാണ് സൈനീകരുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദികരുടെ സംഗമം വത്തിക്കാന്‍ വിളിച്ചുകൂട്ടിയത്. പരിപാടികള്‍ക്ക് നേതൃത്വംനല്കിയ മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു. അദ്ദേഹം പാപ്പായ്ക്ക് ആമുഖമായി സ്വാഗതം പറയുകയുണ്ടായി.