കേവലമായ ജീവകാരുണ്യപ്രവർത്തനങ്ങൾക്കപ്പുറം പാവപ്പെട്ട മനുഷ്യരെ സ്വാശ്രയത്വത്തിലേക്കു നയിക്കുന്നതിനും മലിനമാക്കപ്പെടുന്ന പ്രകൃതിയെ കരുതലോടെ പരിപാലിക്കുന്നതിനുമുള്ള ശ്രമങ്ങൾ സാമൂഹ്യപ്രവർത്തനത്തിന്റെ മുഖ്യലക്ഷ്യമാക്കിമാറ്റാൻ സാമൂഹ്യപ്രവർത്തകർ ശ്രദ്ധിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആൻറണി കരിയിൽ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ മേഖലയിലെ പ്രളയദുരിതബാധിതർക്കായി സഹൃദയ വഴി അതിരൂപത നടപ്പാക്കുന്ന ‘നാമൊന്നായ് മലബാറിനൊപ്പം ‘ പദ്ധതി അപരന്റെ നന്മയ്ക്കായുള്ള നമ്മുടെ കരുതലിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. സേവ് എ ഫാമിലി പ്ലാൻ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സഹൃദയ അങ്കണത്തിൽ അദ്ദേഹം ഓർമ്മമരം നട്ടു. സഹൃദയയുടെ വാർഷികറിപ്പോർട്ടിന്റെയും ഡയറിയുടെയും കലണ്ടറിന്റെയും പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, ഐക്കോ ഡയറക്ടർ ഫാ. സേവ്യർ തേലക്കാട്ട്,അതിരൂപതാ പി. ആർ.ഒ ഫാ. പോൾ കരേടൻ , ഫാ. പീറ്റർ തിരുതനത്തിൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ,ഫാ. ജോസ് മൈപ്പാൻ , സിസ്റ്റർ ആൻജോ , അഡ്വ .ചാർളി പോൾ ,സിജോ പൈനാടത്ത്,സിജോയ് വർഗീസ്, പി. പി. ജെറാർദ് , ഡോ . കെ.വി.റീത്താമ്മ, പ്രൊഫ. റാൻസമ്മ പോൾ, ആൽഫ്‌ ആനി മിനി എന്നിവർ സംസാരിച്ചു. ഫാ. പീറ്റർ തിരുതനത്തിൽ, പാപ്പച്ചൻ തെക്കേക്കര, ആനീസ് ജോബ്, കെ. ഓ. മാത്യുസ്, ജീസ് പി. പോൾ, അനൂപ് ആൻറണി എന്നിവർ വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.