ജസ്റ്റിസ് കുര്യന്‍ ജോസഫ്
എല്ലാ ജനതകളോടും സുവിശേഷം അറിയിക്കുക എന്നത് യേശു തന്റെ തുടര്‍ച്ചയായി സ്ഥാപിച്ച തിരുസഭയുടെ ഉത്തരവാദിത്വമാണ്. തിരുസഭ അതൊരു ദൗത്യമായി ഏറ്റെടുക്കണമെന്ന് ഈശോ ആഗ്രഹിച്ചതുകൊണ്ടാണ് അതൊരു ഉത്തരവാദിത്വമായി സഭയെ ഏല്‍പ്പിച്ചത്. സഭ എപ്രകാരം ആ ദൗത്യം നിര്‍വഹിക്കുന്നു, പ്രത്യേകിച്ച് സഭയുടെ സ്ഥാപനങ്ങളിലൂടെ എപ്രകാരം ആ ദൗത്യം നിര്‍വഹിക്കപ്പെടുന്നു എന്നുള്ളതാണ് ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. സഭ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതിന്റെ ലക്ഷ്യം തങ്ങളുടെ മക്കളെ വിശ്വാസത്തില്‍ വളര്‍ത്തുന്നതിനാണ്. മറ്റ് സ്ഥാപനങ്ങളാണെങ്കില്‍ സഭയുടെ പഠനങ്ങള്‍ക്ക് അനുസരിച്ച് ആ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ശുശ്രൂഷകളും നിര്‍വഹിക്കണം. കാരണം വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ന്യൂനപക്ഷാവകാശം എന്നുള്ള മൗലിക അവകാശം ഇന്ത്യന്‍ ഭരണഘടനയില്‍തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതനുസരിച്ച് ഏത് പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും വിശ്വാസമനുസരിച്ച് ജീവിക്കാനും അത് പ്രഘോഷിക്കാനും വിശ്വാസം പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്.
വിശ്വാസ സാക്ഷ്യങ്ങള്‍
ഭരണഘടനയുടെ 25-ാമത്തെ ആര്‍ട്ടിക്കിളിലാണ് അത് പറയുന്നത്. അപ്രകാരം ആ വിശ്വാസത്തില്‍ ജീവിക്കാനും പ്രഘോഷിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തിന്റെ ഭാഗമായിട്ടാണ് അത് യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ മുപ്പതാമത്തെ ആര്‍ട്ടിക്കിളില്‍ ന്യൂനപക്ഷാവകാശമായി വിഭാവനം ചെയ്തിട്ടുള്ളത്. ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. ഒന്ന് – യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ അത് പരിരക്ഷിച്ച്, പരിപോഷിപ്പിച്ച് വിശ്വാസചൈതന്യത്തില്‍ വളര്‍ന്നുവരുവാന്‍ സഹായിക്കുക, വിശ്വാസത്തെ പ്രോജ്വലിപ്പിക്കുക. രണ്ടാമത്തേത് വിശ്വാസികളല്ലാത്തവരോട് വിശ്വാസം എന്താണ് എന്ന് ജീവിച്ചു കാണിച്ചുകൊടുക്കുക. പറഞ്ഞുകൊടുക്കലല്ല, ജീവിച്ചു കാണിച്ചു കൊടുക്കുക.
പറഞ്ഞുകൊടുത്ത് വിശ്വാസത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് അത് വശീകരണമാണ് എന്നുള്ളൊരു വലിയ ആരോപണം വരുന്നത്. അതിനുപകരം പകര്‍ന്നുകൊടുത്ത് വിശ്വാസം അറിയിക്കുകയാണെങ്കില്‍, അതായത് വിശ്വാസം ജീവിച്ചു കാണിച്ചുകൊടുക്കുകയാണെങ്കില്‍ ആ ബുദ്ധിമുട്ട് ഉണ്ടാകുകയില്ല. അതുകൊണ്ടാണ് ഭരണഘടനയില്‍തന്നെ മൂന്ന് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. വിശ്വസിക്കുക, പ്രഘോഷിക്കുക, പ്രചരിപ്പിക്കുക. ജീവിക്കുന്ന വിശ്വാസമാണ് പ്രചരിക്കേണ്ടത്. വിശ്വസിക്കുന്ന പ്രബോധനങ്ങളല്ല പ്രചരിപ്പിക്കേണ്ടത്. നമുക്ക് പകര്‍ന്ന് കിട്ടിയ വിശ്വാസത്തില്‍ ജീവിച്ചാണ് മറ്റുള്ളവരിലേക്ക് പകരേണ്ടത്. അത് നമ്മള്‍ പകര്‍ത്തേണ്ട ആവശ്യമില്ല. അത് താനേ പകര്‍ത്തപ്പെട്ടുകൊള്ളും. ജീവിച്ചാല്‍ മാത്രം മതി.
ഓരോ റോസാപ്പൂവും ആരെയും വിളിച്ചു വരുത്തിയല്ലല്ലോ അതിന്റെ സുഗന്ധം അറിയിക്കുന്നത്. അതിനുള്ള നൈസര്‍ഗികമായ സുഗന്ധമാണ് അതിലേക്ക് ആകര്‍ഷിക്കുന്നത്. അതുപോലെ തനിമയോടുകൂടി ജീവിക്കുമ്പോഴാണ് ഒരു വിശ്വാസസമൂഹത്തിന്റെ സംസ്‌കാരം രൂപപ്പെടുന്നതും മറ്റുള്ളവരെ അപ്രകാരമുള്ള ഒരു സംസ്‌കാരത്തിലേക്ക് ആകര്‍ഷിക്കുന്നതും അതനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും.
സുവിശേഷത്തെ മറയ്ക്കുന്ന പ്രൊഫഷണലിസം
സ്ഥാപനങ്ങളുടെ ഉദ്ദേശ്യമെന്ന് പറയുന്നത് വിദ്യാഭ്യാസത്തിന്റെ മേഖലയിലാണെങ്കില്‍ ഞാന്‍ ഈ പറഞ്ഞതാണ്. അതില്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ നല്ലൊരു ആത്മപരിശോധനയുടെ ഭാഗമായി മാത്രമേ ഞാനതിനെ കാണുന്നുള്ളൂ. വിദ്യാഭ്യാസത്തിന്റെ പ്രൊഫഷണലിസമാണ് പ്രധാനപ്പെട്ടതായി എല്ലാവരും കാണുന്നത്. പ്രൊഫഷണല്‍ ആയതുകൊണ്ട് അതിന്റെ സുവിശേഷ ചൈതന്യം നഷ്ടപ്പെടുത്താമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. എന്തില്‍ വിട്ടുവീഴ്ച ചെയ്താണ് നമ്മള്‍ പ്രൊഫഷണലാകുന്നത്? യേശു ഏല്‍പ്പിച്ച ദൗത്യത്തില്‍ വെള്ളംചേര്‍ത്തിട്ട് നമ്മള്‍ മറ്റുള്ളവരുടെ മുമ്പില്‍ മിടുക്കരാകുന്നതില്‍ അര്‍ത്ഥമുണ്ടോ? നേരെമറിച്ച് ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ സുവിശേഷാധിഷ്ഠിതമായ ഒരു സംസ്‌കാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകേണ്ടതല്ലേ? അത് ഉണ്ടാകുന്നുണ്ടോ എന്ന് നമ്മള്‍ പരിശോധിക്കേണ്ടേ? അങ്ങനെയല്ലായെന്നുണ്ടെങ്കില്‍ ആ സംസ്‌കാരത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് യേശു ഏല്‍പിച്ച ദൗത്യാനുസൃതമായിട്ടുള്ള ജീവിതത്തിനുവേണ്ടി നിലകൊള്ളണ്ടേ?
ഇനി വൈദ്യശുശ്രൂഷാരംഗമെടുക്കാം. നമ്മുടെ ആശുപത്രികള്‍ ആദ്യകാലത്ത് അറിയപ്പെടുന്നത് പള്ളിയാശുപത്രി, ധര്‍മാശുപത്രി എന്നൊക്കെയാണ്. ഇങ്ങനെ അറിയപ്പെടണമെന്നുണ്ടെങ്കില്‍ നമ്മള്‍ എന്തോ ഒരു ധര്‍മം നിര്‍വഹിച്ചിട്ടുണ്ട്. ആ ധര്‍മം എന്നുള്ളത് വെറുമൊരു സൗജന്യ ശുശ്രൂഷയോ അല്ലെങ്കില്‍ വെറുമൊരു സേവന സംശുദ്ധിയോ മാത്രമായിരുന്നില്ല.
നമ്മള്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന ധര്‍മം അപ്രകാരമുള്ള ആതുരശുശ്രൂഷാലയങ്ങളിലൂടെ നിര്‍വഹിക്കപ്പെട്ടിരുന്നു. ആതുരശുശ്രൂഷ അപ്രകാരം നിര്‍വഹിക്കപ്പെടണമെന്നുണ്ടെങ്കില്‍ അതിനുള്ള ആതുരാലയങ്ങള്‍ ഉണ്ടാകണം. ഇന്നുള്ള ആതുരാലയങ്ങള്‍ ആ തരത്തിലുള്ള ആതുരശുശ്രൂഷമാത്രം നിര്‍വഹിക്കാനുള്ള, നിര്‍വഹിക്കപ്പെടുന്ന വേദികളാണോ എന്നതാണ് പ്രധാനപ്പെട്ട വിഷയം.
ധര്‍മ്മം മറക്കുന്ന ധര്‍മ്മാശുപത്രികള്‍
നമ്മുടെ രാജ്യത്ത് വളരെയധികം ഗുണമേന്മയുള്ള, വളരെയധികം പ്രൊഫഷണലിസമുള്ള സ്ഥാപനങ്ങള്‍ ധാരാളം വന്നിട്ടുണ്ട്. വലിയതോതില്‍ പണമിറക്കിയാണ് ഈ സ്ഥാപനങ്ങള്‍ നടത്തപ്പെടുന്നത്. ആ സ്ഥാപനങ്ങളുടെ നടുവിലാണ് നമ്മള്‍ സ്ഥാപിച്ച ധര്‍മാശുപത്രികളുടെ (ആതുരാലയങ്ങളുടെ) നിലനില്‍പ്പ്. നമ്മള്‍ കിതച്ചും കുതിച്ചും നിലനില്‍പ്പിനുവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായി മുഖംമിനുക്കിയും മുഖഛായ മാറ്റിയും നമ്മുടെ ആതുരാലയങ്ങളെ ഒട്ടേറെ പരിഷ്‌കരിച്ചു. ആതുരാലയങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള പ്രസക്തി എന്ന് പറയുന്നത് ക്രിസ്തീയ പഠനങ്ങളും ക്രൈസ്തവ ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനങ്ങള്‍ നമ്മുടെ രാജ്യത്ത് വളരെ കുറവാണ് എന്നതാണ്. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഇല്ല എന്നുണ്ടെങ്കില്‍ ആതുരശുശ്രൂഷാരംഗത്തെ മൂല്യാധിഷ്ഠിത സേവനമെന്നത് പ്രത്യേകിച്ച് സുവിശേഷാധിഷ്ഠിത സേവനമെന്നുള്ളത് അസ്തമിച്ചുപോകും. അതിനാല്‍ ആതുരാലയങ്ങള്‍ നമുക്ക് ആവശ്യമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍പോലെതന്നെ.
ആതുരാലയങ്ങളില്‍ ഇപ്രകാരമുള്ള ശുശ്രൂഷകള്‍ രോഗികള്‍ക്ക് (ഇന്നിപ്പോള്‍ കസ്റ്റമേഴ്‌സ് എന്നാണ് പറയുന്നത്) അല്ലെങ്കില്‍ ഗുണഭോക്താക്കള്‍ക്ക് സ്വീകാര്യമാകണമെങ്കില്‍ നമ്മള്‍ പ്രൊഫഷണലാകണം. പക്ഷേ അവിടെയും നമ്മുടെ ദൗത്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാതെയുള്ള പ്രൊഫഷണലിസമാണ് വേണ്ടത് എന്നാണ് എന്റെ കാഴ്ചപ്പാട്. പിന്നീടുള്ളതാണ് മറ്റ് സ്ഥാപനങ്ങള്‍. നമ്മുടെ സാമൂഹ്യ സേവന സ്ഥാപനങ്ങള്‍.
ഈ സാമൂഹ്യ സേവന സ്ഥാപനങ്ങളെക്കുറിച്ച് ഒരു നിരീക്ഷണം പങ്കുവയ്ക്കാനുള്ളത് നമ്മുടെ സാമൂഹ്യ സേവന സ്ഥാപനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്കുപോലും ആ സ്ഥാപനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ മനസിലായിട്ടുണ്ടോ എന്ന് പലപ്പോഴും എനിക്കും സംശയം തോന്നിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആ ഉദ്ദേശലക്ഷ്യങ്ങളോടൊരു അര്‍പ്പണമുണ്ടോ? അവ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ? അതനുസരിച്ചാണോ അവര്‍ ആ സ്ഥാപനത്തോട് ബന്ധപ്പെട്ട് നില്‍ക്കുന്നത്? എന്നുള്ള ചോദ്യങ്ങളെല്ലാം പ്രസക്തമാണ്.
സുവിശേഷപ്രഭ ചൊരിയുന്ന സ്ഥാപനങ്ങള്‍
രണ്ടാമത്തെ ഭാഗം, അത്തരം സ്ഥാപനങ്ങളുടെ ശുശ്രൂഷ സ്വീകരിക്കുന്നവരാണ്. സാമൂഹ്യ സേവന സ്ഥാപനങ്ങളില്‍നിന്ന് ശുശ്രൂഷ സ്വീകരിക്കുന്നവര്‍ ആ ശുശ്രൂഷ നമ്മുടെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ട് കാണുന്നുണ്ടോ? നമ്മളെ യേശു ഏല്‍പ്പിച്ച ദൗത്യത്തിന്റെ നിര്‍വഹണമാണ് അത്തരം ശുശ്രൂഷകളിലൂടെ നടക്കുന്നത് എന്നവര്‍ മനസിലാക്കുന്നുണ്ടോ? അതോ സമൂഹത്തിന്റെ നിലനില്‍പ്പിന്റെ ഭാഗമായി നടത്തുന്ന ചില സേവനരംഗങ്ങളായി മാത്രമാണോ നമ്മള്‍ അതിനെ കാണുന്നത്. എന്നുള്ളതാണ്. നമുക്ക് നിലനില്‍ക്കാന്‍ സ്ഥാപനങ്ങള്‍ വേണമെന്നില്ല. പക്ഷേ നമ്മള്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ നമ്മുടെ സാന്നിധ്യം ചരിത്രത്തില്‍ അടയാളപ്പെടുത്താനുള്ളത് എന്നതിലുപരി യേശു ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കാനുള്ളതാണ്. സംസ്‌കാരത്തെ സുവിശേഷചൈത്യന്യംകൊണ്ട് നിറയ്ക്കുക, സമൂഹത്തിലേക്ക് സുവിശേഷത്തിന്റെ പ്രഭചൊരിയുക എന്നൊക്കെയുള്ള വലിയ ദൗത്യം.
ആ ദൗത്യനിര്‍വഹണം നമ്മുടെ സ്ഥാപനങ്ങളിലൂടെ സാധിക്കുന്നില്ല എന്നുണ്ടെങ്കില്‍ അത് സാധിക്കാതെയുള്ള ഒരു സ്ഥാപനം യേശു ആഗ്രഹിക്കുന്നില്ല. അത് അപ്രസക്തവും അനാവശ്യവുമാണ്. അതുകൊണ്ട് യേശു ആഗ്രഹിച്ച ദൈവരാജ്യത്തിന്റെ പ്രഘോഷണവും ദൈവരാജ്യത്തിന്റെ സ്ഥാപനവും നമ്മുടെ സ്ഥാപനങ്ങളുടെ ശുശ്രൂഷയിലൂടെ നടക്കണം. അത് നിര്‍ബന്ധത്താലോ വശീകരണത്തിലൂടെയോ അല്ല. നേരെമറിച്ച്, സ്ഥാപനങ്ങളുടെ സാന്നിധ്യത്താല്‍, സ്ഥാപനങ്ങളുടെ ദൗത്യാനുസൃതമായിട്ടുള്ള പ്രവര്‍ത്തനത്തിലൂടെമാത്രം. സൗരഭ്യം നിറഞ്ഞ സ്‌നേഹശുശ്രൂഷകള്‍ ഈ സ്ഥാപനങ്ങളില്‍ നിര്‍വഹിക്കപ്പെടണം. സ്ഥാപകനെ മറന്നായിരിക്കരുത് സ്ഥാപനങ്ങള്‍ നടത്തുന്നത്.
ലക്ഷ്യം വിസ്മരിക്കരുത്
മറ്റ് പല രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട്. ആ സ്ഥാപനങ്ങളൊക്കെയും ഇപ്രകാരമുള്ളൊരു ആത്മപരിശോധനയ്ക്ക് വിധേയമാകേണ്ട സമയമായിരിക്കുന്നു. നിലനില്‍പ്പിന്റെ ലക്ഷ്യം മറന്നിട്ടോ ഇതില്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടോ ഈ ലോകത്തിന് അനുരൂപരായി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ ലോകത്തിന് അനുരൂപരാകാനല്ല കര്‍ത്താവ് നമ്മോട് ആവശ്യപ്പെട്ടത്. ഈ ലോകത്തിന് ദൈവത്തെ പരിചയപ്പെടുത്തിക്കൊടുക്കുക. യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി കൊടുക്കാന്‍ കഴിയുന്ന ഒരു ശുശ്രൂഷ നമ്മുടെ സ്ഥാപനങ്ങളിലൂടെ ഉണ്ടാകണം. അതാണ് സ്ഥാപനങ്ങളുടെ സ്ഥാപകലക്ഷ്യം. ഈ ലക്ഷ്യം നമ്മള്‍ മറക്കരുത്.
ചുരുക്കത്തില്‍ സ്ഥാപനങ്ങളല്ല പ്രശ്‌നം. തങ്ങളുടെ സാന്നിധ്യം അറിയിക്കാനായിമാത്രം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതും, അപ്രകാരം സ്ഥാപനങ്ങള്‍ നടത്തുന്നതുമാണ് പ്രശ്‌നം.
ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്ന അവശരും ആര്‍ത്തരും ആലംബഹീനരുമായി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയുന്നവര്‍ക്കുവേണ്ടിയാണ് സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭ ഇന്ത്യയില്‍ ആരംഭിച്ചത്. അപ്രകാരമുള്ള സ്ഥാപനങ്ങള്‍ ആ അര്‍ത്ഥത്തില്‍, ആ ഉദ്ദേശത്തോടെ, അവരെ ലക്ഷ്യം വച്ചുകൊണ്ട് അവരിലേക്ക് ക്രിസ്തുവിനെ അറിയിക്കുക. ആ അറിയിക്കലിലൂടെ ക്രിസ്തു മറ്റുള്ളവരിലേക്കും അറിയപ്പെടുക എന്ന ഉദ്ദേശത്തോടെ സ്ഥാപനങ്ങള്‍ നടത്തുകയാണെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനകത്ത് ഒരു സ്ഥാപകലക്ഷ്യവും നിറവേറും. അതിനകത്തൊരു സുവിശേഷമൂല്യമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന്റെ അര്‍ത്ഥം ഗുണമേന്മ വേണ്ടെന്നല്ല. ഗുണമേന്മയുള്ള ശുശ്രൂഷ അത് ലഭിക്കാന്‍ ഇടയില്ലാത്തവര്‍ക്ക് ലഭ്യമാക്കുക എന്നതാണ്. അത് സാധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സ്ഥാപനങ്ങള്‍ക്കെന്നും പ്രസക്തിയുണ്ട്.
കടപ്പാട്- സണ്‍ഡേ ശാലോം