തിരുവനന്തപുരം : അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 22 കിമീ വേഗതയില്‍ കഴിഞ്ഞ ആറു മണിക്കൂറായി വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്ബ് ‘മഹ’ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 90 മുതല്‍ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കുന്നു.’മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എങ്കിലും, കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ മല്‍സ്യബന്ധനത്തിന് കേരള തീരത്ത് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.
അതിശക്തമായ കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ ഇടുക്കിയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി . ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ടാണ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം,കൊല്ലം. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടും തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഖിയില്‍ സംഭവിച്ചതുപോലെ വന്‍ ദുരന്തങ്ങള്‍ക്കു സാധ്യതയില്ലെങ്കിലും കടല്‍ക്ഷോഭത്തിനു സാധ്യതയേറെയാണെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
‘മഹ’ ചുഴലിക്കാറ്റ് : തീരപ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം…
