കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി. കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് കൈയാങ്കളിയിലെത്തിയത്. അപ്രതീക്ഷിതമായാണ് നോര്‍മന്‍ ജോസഫ് മേയറെ ഉടന്‍ മാറ്റണമെന്ന് എണീറ്റ് നിന്ന് കൊണ്ട് ആവശ്യപ്പെട്ടത്. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും ഇയാള്‍ പറഞ്ഞു.
കെ വി തോമസിന് പുറമെ, മുതിര്‍ന്ന നേതാക്കളായ കെ ബാബു, കെ പി ധനപാലന്‍, ലിനോ ജേക്കബ്, ലാലി വിന്‍സെന്റ്, ലൂഡി ലൂയിസ്, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിവരും ചടങ്ങിലുണ്ടായിരുന്നു. ഇതിനിടെ ക്ഷുഭിതനായ നോര്‍മന്‍ ജോസഫിനെ സമാധാനിപ്പിക്കാന്‍ ലിനോ ജേക്കബ് എത്തി. എന്നാല്‍ ലിനോയെ പിടിച്ചു തള്ളിയ നോര്‍മന്‍ ജോസഫ്, അദ്ദേഹത്തിന് നേരെ അസഭ്യവര്‍ഷവും നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
താന്‍ 25 വര്‍ഷമായി കോണ്‍ഗ്രസിന്റെ ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. താന്‍ പറയുന്ന കാര്യങ്ങളെപ്പോലും മേയര്‍ സൗമിനി ജെയിന്‍ ഗൗനിക്കുന്നില്ല. ഇത്തരത്തില്‍ മേയര്‍ക്കെതിരെ നിരവദി പരാതികളുണ്ട്. ഈ മേയറുമായി ഇനിയും മുന്നോട്ടുപോകാനാകില്ല. മുമ്ബ് കോണ്‍ഗ്രസ് നേതൃത്വം ലോക്‌സഭ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് മേയര്‍ മാറ്റത്തെ തടഞ്ഞത്. ഇനി എന്താണ് തടസ്സമെന്നും നോര്‍മന്‍ ജോസഫ് ചോദിച്ചു. തുടര്‍ന്ന് നോര്‍മനെ ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്താന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളി മാറ്റുകയായിരുന്നു. തുടര്‍ന്ന് ആക്രോശവും ഉന്തും തള്ളുമായി ചടങ്ങ് അലങ്കോലവുമായി.കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റുന്നതിനായി നേരത്തെ എറണാകുളത്തെ മുതിര്‍ന്ന നേതാക്കള്‍ കെപിസിസിയെ സമീപിക്കുകയും ഹൈബി ഈഡന്‍ എംപിയടക്കമുള്ളവര്‍ സൗമിനി ജെയിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.
ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി; തമ്മില്‍ തല്ലി കോണ്‍ഗ്രസ് നേതാക്കള്‍…
