ചങ്ങനാശേരി: രണ്ടായിരം വര്‍ഷങ്ങളായി വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു വളര്‍ന്ന ചരിത്രമാണു ക്രൈസ്തവ സഭയ്ക്കുള്ളതെന്നും അധിക്ഷേപങ്ങളിലൂടെ സഭയെ തോല്പിക്കാനാവില്ലെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി സംഘടിപ്പിച്ച വൈദിക, സന്യസ്ത, അല്മായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയ്ക്കു നേരെ ആക്രമണം നടക്കുമ്പോള്‍ എല്ലാം ദൈവം നോക്കിക്കോളുമെന്നു പറഞ്ഞ് കൈകെട്ടിയിരിക്കുന്നവര്‍ അടുത്ത തലമുറയുടെ വിശ്വാസവെളിച്ചം കെടുത്തിക്കളയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറ്റാണ്ടുകളായി സഭ സമൂഹത്തില്‍ ചെയ്തുവരുന്ന നന്മകളെയും സേവനങ്ങളെയും തമസ്കരിച്ചു ചെറിയ വീഴ്ചകളെ പര്‍വതീകരിച്ചുസഭയെയും വൈദികരെയും സന്യസ്തരെയും അപകീര്‍ത്തിപ്പെടുത്താനാണു ചില വ്യക്തികളും മാധ്യമങ്ങളും ശ്രമിക്കുന്നത്. അധിഷേപിക്കുന്നവര്‍ സഭയെ വളര്‍ത്താനല്ല തളര്‍ത്താനാണെന്നു നാം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണഞ്ചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ മുഖ്യധാരയില്‍ മാന്യമായി സാമൂഹ്യസേവനം ചെയ്യുന്ന സഭയെയും സമുദായങ്ങളെയും അധിഷേപിക്കുന്ന മാധ്യമ സംസ്‌കാരത്തെക്കുറിച്ചു നാം ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. ഫൊറോന പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി അധ്യക്ഷതവഹിച്ചു. ഫൊറോന വികാരി ഫാ. കുര്യന്‍ പുത്തന്‍പുര അനുഗ്രഹ പ്രഭാഷണം നടത്തി. എകെസിസി അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, മാനന്തവാടി രൂപത പിആര്‍ഒ ഫാ. നോബിള്‍ പാറയ്ക്കല്‍, സിസ്റ്റര്‍ ഡെല്‍ഫി മരിയ സിഎംസി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
ഫൊറോന ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറ, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി, സെക്രട്ടറി രാജേഷ് ജോണ്‍, അരുണ്‍ തോമസ്, പി.സി കുഞ്ഞപ്പന്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, ജിജി പേരകശേരി എന്നിവര്‍ പ്രസംഗിച്ചു. സഭാവിരുദ്ധരുടെ പീഡനങ്ങളെ നേരിട്ടുകൊണ്ടു സഭയ്ക്കുവേണ്ടി നിലകൊള്ളുന്ന ഫാ. ജയിംസ് കൊക്കാവയലില്‍ (ഡയറക്ടര്‍, ദര്‍ശനം ഓണ്‍ലൈന്‍ പോര്‍ട്ടല്‍), അഡ്വ.സിസ്റ്റര്‍ ലിനറ്റ് ചെറിയാന്‍ എസ്‌കെഡി (വയനാട് വിമന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍), ക്ലിന്റണ്‍ ഡാമിയന്‍ (മെമ്പര്‍, കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍), ദേവി മേനോന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.