സിന്ധുദുര്‍ഗ് (മഹാരാഷ്ട്ര): ദേവനാഗരി ലിപിയില്‍ കൊങ്കണി ഭാഷയിലുള്ള ആദ്യത്തെ സമ്പൂര്‍ണ ബൈബിള്‍ പുറത്തിറക്കി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് രൂപതയുടെ നേതൃത്വത്തിലാണ് ബൈബിള്‍ പ്രസിദ്ധീകരിച്ചത്. സിന്ധുദുര്‍ഗ് ജില്ലയുടെ ആസ്ഥാനമായ ഓറസില്‍ ഗോവ-ദാമന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ഫിലിപ് നേരി ഫെറാവോയും സിന്ധുദുര്‍ഗ് രൂപതാ ബിഷപ് ഡോ. ഓള്‍വിന്‍ ബാരെറ്റോയും ചേര്‍ന്ന് ബൈബിള്‍ പ്രകാശനം ചെയ്തു. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ കൊങ്കണി ഭാഷ സംസാരിക്കുന്ന പതിനായിരക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ക്ക് ദേവനാഗരി ലിപിയിലുള്ള പുതിയ ബൈബിള്‍ സഹായകരമാകും.
2006 ല്‍ ഗോവ-ദാമന്‍ അതിരൂപതയുടെ ബിബ്ലിക്കല്‍ അപ്പസ്‌തോലിക കേന്ദ്രം പുറത്തിറക്കിയ റോമി ലിപിയിലുള്ള കൊങ്കണിയുടെ ലിപ്യന്തരണമാണ് (ഒരു ഭാഷ മറ്റൊരു ലിപിയില്‍ എഴുതുന്നത്) ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കൊങ്കണി ബൈബിള്‍. സംസാര ഭാഷയായ കൊങ്കണിക്ക് ലിപിയില്ല. സിന്ധുദുര്‍ഗ് രൂപതയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ചരിത്രപരവും സന്തോഷകരവുമായ സംഭവമാണിതെന്ന് ബിഷപ് ഡോ. ഓള്‍വിന്‍ ബാരെറ്റോ പറഞ്ഞു. ഗോവ-ദാമന്‍ അതിരൂപത റോമി ലിപിയില്‍ പുറത്തിറക്കിയ കൊങ്കണി ബൈബിളില്‍ നിന്നാണ് ദേവനാഗരി ലിപിയിലുള്ള കൊങ്കണി ബൈബിള്‍ പുറത്തിറക്കാന്‍ പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവനാഗരി കൊങ്കണിയിലേക്ക് ലിപ്യന്തരണം നടത്താനുള്ള പ്രവൃത്തികള്‍ തുടങ്ങിയത് 2014-ല്‍ ആണ്. ഉദ്യമം ഫലമണിഞ്ഞ സാഹചര്യത്തില്‍ ഗ്രാമത്തിലെയും നഗരത്തിലെയും എല്ലാ കൊങ്കണി വീടുകളിലും ദേവനാഗരി ലിപിയിലുള്ള ബൈബിള്‍ ഉണ്ടാകണമെന്നതും അതുവഴി കുടുംബാംഗങ്ങള്‍ ആത്മീയതയില്‍ ശക്തി പ്രാപിക്കണമെന്നതുമാണ് ആഗ്രഹം; ബിഷപ് ബാരെറ്റോ പറഞ്ഞു.
സിന്ധുദുര്‍ഗ് രൂപത ദേവനാഗരി ബൈബിളിന്റെ 8000 കോപ്പികളാണ് ആദ്യഘട്ടത്തില്‍ അച്ചടിച്ചിരിക്കുന്നത്. ബംഗളൂരുവിലെ ബ്രില്ല്യന്റ് പ്രിന്റേഴ്‌സാണ് ബൈബിള്‍ പ്രസാധകര്‍.
ദേവനാഗരി ലിപിയില്‍ കൊങ്കണി ഭാഷയിലുള്ള ആദ്യത്തെ സമ്പൂര്‍ണ ബൈബിള്‍ പുറത്തിറക്കി സിന്ധുദുര്‍ഗ് രൂപത…
