കൊച്ചി:കേരളത്തില്‍ ഏറെ കോളിളക്കമുണ്ടായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ കൊണ്ടുവന്ന വകയില്‍ സര്‍ക്കാരിന് ചിലവായത് ഇരുപത്തിയഞ്ച് ലക്ഷം. മുന്‍ സോളിസിറ്റര്‍ രഞ്ജിത്ത് കുമാറാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നാകെ ഹാജരാകുന്നത്. അതേ സമയം പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജിഐ(ഗാല്‍വനൈസ്ഡ് അയണ്‍) പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ ചോദ്യം.പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണം പൊലീസ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതാണെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെ, ‘നിഷ്പക്ഷവും സത്യസന്ധവുമായ വിചാരണയ്ക്ക് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണവും ആവശ്യമാണ്’ എന്ന് കേരളഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി നീതിയുക്തമായ വിചാരണ നടക്കണമെങ്കില്‍ നീതിയുക്തമായ അന്വേഷണവും വേണമെന്ന് പറഞ്ഞു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.