വാഷിംഗ്ടണ്‍: ലോകത്തിലെ ‘മോസ്റ്റ് വാണ്ടഡ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ മൃതദേഹം ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം കടലില്‍ സംസ്‌കരിച്ചുവെന്ന് യുഎസ് സൈന്യം.സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനിടെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയ ബാഗ്ദാദിയെ കൊന്നുകളഞ്ഞതായി യുഎസ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്‌കരിച്ചത് കടലിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.2011ല്‍ യുഎസ് പ്രത്യേക സേന പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്റെ മൃതദേഹവും സമാന രീതിയില്‍ കടലിലാണ് സംസ്‌ക്കരിച്ചത്.

അതേസമയം ബഗ്ദാദിയിലേക്ക് യു എസ് സൈന്യത്തെ എത്തിച്ചത് അദ്ദേഹത്തിന്റെ സഹായികള്‍ തന്നെയെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഏറ്റവുമടുത്ത അഞ്ചു കൂട്ടാളികളിലൊരാളില്‍ നിന്നാണ് ബഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തുര്‍ക്കി പിടികൂടുകയും പിന്നീട് ഇറാഖിന് കൈമാറുകയും ചെയ്ത ഇസ്മാഈല്‍ അല്‍ ഇതാവിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബഗ്ദാദിയിലേക്കെത്തിയതെന്നാണ് യുഎസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.