തിരുച്ചിറപ്പള്ളി: ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും സുജിത് വില്‍സണ്‍ എന്ന പിഞ്ചു കുഞ്ഞിനെ രക്ഷിക്കാനായില്ല. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടെ കുട്ടിയുടെ മൃതദേഹം കുഴല്‍ കിണറില്‍ നിന്ന് പുറത്തെടുത്തു. ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സുജിത് കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 26 അടിയില്‍ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു. രാജ്യം മുഴുവന്‍ കുട്ടിയുടെ ജീവനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് കുട്ടി മരിച്ചെന്ന സ്ഥിരീകരണമെത്തുന്നത്.ക്യാമറ കിണറിലേക്ക് ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍ അഴുകിയ നിലയിലാണെന്ന് വ്യക്തമായി. ഭാഗങ്ങളായാണ് ശരീരം പുറത്തെടുത്തത്. കുട്ടി വീണ കിണറിന് സമാന്തരമായി കിണര്‍ നിര്‍മ്മിച്ച്‌ അതില്‍ നിന്ന് തുരങ്കം ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാനായിരുന്നു ശ്രമം.എന്നാല്‍ കാലാവസ്ഥയും, ഭൂമിയിലെ പാറക്കെട്ടുകളുടെ സാന്നിധ്യവും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.